ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ ഭീകരാക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ എമജന്‍സി ജീവനക്കാര്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കി മുസ്ലീം റെസ്റ്റോറന്റ് ഉടമ. ഇബ്രാഹിം ഡോഗസ് എന്നയാളാണ് തന്റെ റെസ്‌റ്റോറന്റ് എമര്‍ജന്‍സി ജീവനക്കാര്‍ക്കായി തുറന്നിട്ടത്. ഇദ്ദേഹത്തിന്റെ മൂന്ന് റെസ്‌റ്റോറന്റുകള്‍ ആക്രമണത്തെത്തുടര്‍ന്ന് ഒഴിപ്പിച്ച പ്രദേശത്ത് ഉണ്ടായിരുന്നു. എന്നാല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തിന് തൊട്ടടുത്തുള്ള ബെലെവറേഡ് റോഡിലെ ട്രോയിയ എന്ന റെസ്‌റ്റോറന്റ് അടക്കേണ്ടെന്ന് ഡോഗസ് തീരുമാനിക്കുകയായിരുന്നു.
മറ്റ് റെസ്‌റ്റോറന്റുകള്‍ താന്‍ അടക്കുകയാണെങ്കിലും ഇവിടെ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കഴിക്കാമെന്ന് താന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് പറഞ്ഞതായി ഡോഗസ് വ്യക്തമാക്കി. മഹത്തായ ജോലി ചെയ്യുന്ന ഇവര്‍ക്ക് പിന്തുണ ആവശ്യമുണ്ട്. അതാണ് താന്‍ ചെയ്തത്. ചിലര്‍ തനിക്ക് പണം നല്‍കാന്‍ ശ്രമിച്ചു. താന്‍ ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്നും പണം വാങ്ങിയേ മതിയാകൂ എന്നും ഒരാള്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ആരില്‍ നിന്നും താന്‍ പണം വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നെന്നും ഡോഗസ് പറയുന്നു.

രാത്രി 11.30 വരെ റെസ്റ്റോറന്റ് തുറന്നു പ്രവര്‍ത്തിച്ചു. അവസാനത്തെ ഉദ്യോഗസ്ഥനും ഭക്ഷണം നല്‍കുന്നതു വരെ താന്‍ കട തുറന്നുവെച്ചു എന്നാണ് ഡോഗസ് പറഞ്ഞത്. ബ്രിട്ടീഷ് കെബാബ് അവാര്‍ഡിന്റെ സ്ഥാപകനായ ഡോഗസ് പോലീസ്, ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ്, ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് എന്നിവയില്‍ നിന്ന് 300നും 500നുമിടയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം നല്‍കിയെന്നാണ് കരുതുന്നത്.