ഇറ്റലിയിൽ പടർന്നു പിടിക്കുന്ന കോവിഡ്-19 അഥവാ കൊറോണ വൈറസ് പേടിയിൽ ആണ് യൂറോപ്പ് ഒട്ടാകെ ഉള്ളത്. ട്രാവൽ നിരോധനം നിൽക്കുമ്പോഴും മരണ നിരക്ക് ഉയരുന്നത് പല തരത്തിലുള്ള ഊഹാപോഹങ്ങൾക്കും വഴിവെക്കുന്നു. ഇന്ന് ഒരു ദിവസം കൊണ്ട് ഇറ്റലിയുടെ മരണസംഖ്യ 133 പേർ ഉയർന്ന്‌ 366 ലേക്ക് എത്തിയത് വളരെ ആശങ്കയോടെ ആണ് വീക്ഷിക്കുന്നത്. സ്‌കൂൾ, കോളേജ് എന്നിവ എല്ലാം അടഞ്ഞു കിടക്കുകയാണ്.

യുകെയിൽ ഇതുവരെ 273 കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ട് മരണവും ഉണ്ടായി. സ്റ്റോക്ക് ഓൺ ട്രെൻഡിൽ അഞ്ച് പേർക്കാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ ഒരാൾ പുറത്തുനിന്നും ഉള്ള രോഗിയാണ്. അതേസമയം റ്റാംവെർത്തിൽ ഒരു സ്‌കൂൾ ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്നു സ്‌കൂൾ അടച്ചിരിക്കുകയാണ്. ഇതിൽ 16 പേർ നിരീക്ഷണത്തിൽ ആണ് ഇപ്പോൾ ഉള്ളത്.

കാര്യങ്ങൾ ഇത്തരത്തിൽ ആയിരിക്കെ യുകെയിൽ ആവശ്യമില്ലാതെ ആളുകൾ അവശ്യ സാധനങ്ങൾ വാങ്ങി സൂക്ഷിക്കുന്നത് യുകെയിലെ സൂപ്പർ മാർക്കെറ്റുകളെ പ്രതിസന്ധിയിൽ ആക്കാനുള്ള സാധ്യതാ പരിഗണിച്ചു ഒരാൾക്ക് മേടിക്കാൻ പറ്റുന്ന ചിലസാധനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി എന്നുള്ളതാണ്. അവശ്യസാധനങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പാക്കാനും വേണ്ടിയാണ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപയോക്താക്കള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്നാണ് ഇതുമായി അവർ പ്രതികരിച്ചത്.ആന്റിബാക്ടീരിയല്‍ ജെല്‍, വൈപ്പുകള്‍, സ്‌പ്രേകള്‍, പാസ്ത, ടിന്നിലടച്ച പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, പാല്‍പ്പൊടി, ബിസ്‌കറ്റ്, മുട്ട, ധാന്യങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ ജനങ്ങള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതോടെയാണു യുകെയിലെ വലിയ സൂപ്പര്‍മാര്‍ക്കറ്റുകളിൽ പെടുന്ന ടെസ്‌കോ, മോറിസൺ, അസ്ദ എന്നിവർ നിയന്ത്രണം പ്രഖ്യാപിച്ചത്. ടെസ്കോയിൽ ഹാൻഡ് സാനിറ്റൈസർ അഞ്ചെണ്ണം ലഭിക്കുമ്പോൾ അസ്ദയിൽ രണ്ടു മാത്രമേ ലഭിക്കു. ഇതുവരെ ഇത്തരം നിയന്ത്രണങ്ങൾ സെയിൻസ്ബെറി തുടങ്ങിയിട്ടില്ല. യുകെയിലുള്ള പത്തു പേരിൽ ഒരാൾ എന്ന നിലക്ക് ഇത്തരം വാങ്ങലുകൾ നടത്തുന്നു എന്നാണ് ഇതുമായി നടന്ന സർവ്വേ പറയുന്നത്.

വെയ്റ്റ്‌റോസ്, സൂപ്പര്‍ ഡ്രഗ്, ബൂട്‌സ് തുടങ്ങിയ സ്ഥാപനങ്ങളും ഹാന്‍ഡ് വാഷ്, ജെല്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് വാങ്ങല്‍ നിയന്ത്രണം നടപ്പാക്കി. കടകളിലും ഓണ്‍ലൈന്‍ സ്റ്റോറുകളിലും നിയന്ത്രണം ബാധകമാണ്. എന്നാൽ കൊറോണ വൈറസ് പ്രശ്നമല്ല തങ്ങളുടെ നിയന്ത്രണത്തിന് കാരണം എന്ന് മോറിസൺ വ്യക്തമാക്കിയിട്ടുണ്ട്.

സാധനങ്ങൾ വാങ്ങികൂട്ടുന്നതിൽ ഒട്ടും പിന്നിൽ അല്ല മലയാളികളും എന്നാണ് മലയാളം യുകെ ക്ക്  ലഭിക്കുന്ന വിവരം. സ്റ്റോക്ക് ഓൺ ട്രെന്റിൽ 10 ചാക്ക് അരിയാണ് വാങ്ങിയതെങ്കിൽ ഒരു പടി കൂടി കടന്ന് ബിർമിങ്ഹാമിലുള്ള മലയാളികൾ വാങ്ങിയത് 15 ചാക്ക് അരി വരെ എന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം. നാട്ടിലെപ്പോലെ സാധങ്ങൾക്ക് വില കൂട്ടി കൊള്ളലാഭം ഉണ്ടാക്കാൻ യുകെയിലെ സൂപ്പർ മാർക്കറ്റുകൾക്കു സാധിക്കില്ല. കാരണം വില വിവര പട്ടിക സമഗ്രമായി വിലയിരുത്തുന്ന ഒരു കോംപെറ്റിഷൻ കമ്മീഷൻ ഉണ്ട് എന്നുള്ളതാണ്. ഒരുതരത്തിലുള്ള വില വർദ്ധിപ്പിക്കൽ സാധ്യമല്ലെന്നു ഇതിനകം തന്നെ കമ്മീഷൻ സപ്ലൈ ചെയ്‌നുകളെ അറിയിച്ചിട്ടുണ്ട് എന്നാണ് ബിബിസി റിപ്പോർട് ചെയ്തിട്ടുള്ളത്. അനാവശ്യയമായി ആരും ഭയപ്പെടേണ്ട സാഹചര്യം ഇല്ല എന്ന് അധികൃതർ വ്യക്തമാക്കി.

യുകെയിലെ പൊതു ജീവിതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള നപടികളൊന്നും സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.