നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെയായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ആ പ്രസ്താവന നടത്തിയത്. അരൂരില്‍ ഹിന്ദു സ്ഥാനാര്‍ത്ഥി വേണമെന്നായിരുന്നു സമുദായ നേതാവിന്റെ ആവശ്യം. പിന്നീട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തന്റെ സംഘടനയുടെ സമദൂരം എന്ന നിലപാട് മാറ്റി ശരിദൂരത്തിലേക്ക് മാറുകയാണെന്ന് പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് പ്രചാരണ രംഗത്ത് കോണ്‍ഗ്രസിനെ പരസ്യമായി പിന്തുണച്ചു. ശബരിമല വിഷയം പല സമയത്തും ഉയര്‍ത്തികൊണ്ടുവന്നു. കോന്നി ശബരിമല വിഷയത്തിലായിരിക്കും വിധിയെഴുതുകയെന്ന് പ്രചരിപ്പിക്കപ്പെട്ടു. മഞ്ചേശ്വരത്ത് ഒരു മൃദു ഹിന്ദുത്വ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കി സിപിഎമ്മും പരീക്ഷണത്തിനിറങ്ങി. സാമുദായിക വര്‍ഗീയ അജണ്ടയാവും തെരഞ്ഞെടുപ്പ് ഫലത്തെ നിശ്ചയിക്കുകയെന്ന തോന്നലാണ് ഇതൊക്കെ ഉണ്ടാക്കിയത്. ഫലം വന്നപ്പോള്‍ ഇവരെല്ലാം തോറ്റു. രാഷ്ട്രീയം വിജയിച്ചു. അരൂരും, വട്ടിയൂര്‍ക്കാവും ഇതിന് മാതൃകകളായി.

അരൂരില്‍ ഹിന്ദു സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ ശരിയാവില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. എന്‍ഡിഎയ്ക്ക് വേണ്ടി മല്‍സരിക്കേണ്ടിയിരുന്ന ബിഡിജെഎസ് മല്‍സര രംഗത്തുനിന്ന് പിന്‍വാങ്ങുകയും ചെയ്തു. വെളളാപ്പള്ളി നടേശന്‍ പല സമയത്തും ഇടതു അനുകൂല പ്രസ്താവനകളും നടത്തി. മുന്നണികള്‍ പക്ഷെ നടേശന്റെ ഹിന്ദു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അംഗീകരിച്ചില്ല. കോണ്‍ഗ്രസ് ഷാനിമോളെയും, സിപിഎം മനു സി പുളിക്കനെയും സ്ഥാനാര്‍ത്ഥികളാക്കി. വാശിയേറിയെ മല്‍സരത്തില്‍ ഷാനിമോള്‍ ഉസ്മാന്‍ ഇടതു കോട്ട പിടിച്ചെടുക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ വിജയത്തിനപ്പുറം കേരള രാഷ്ട്രീയത്തെ നിയന്ത്രിച്ചുകളയാമെന്ന വെള്ളാപ്പള്ളി നടേശന്റെ മോഹത്തിനാണ് തിരിച്ചടിയേറ്റത്. നേരത്തെയും വെള്ളപ്പള്ളി തോല്‍പ്പിക്കാന്‍ ശ്രമിച്ച സ്ഥാനാര്‍ത്ഥികള്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നുവെങ്കിലും തന്റെ സാമുദായിക അജണ്ട വെള്ളാപ്പള്ളി ഒരോ തെരഞ്ഞെടുപ്പ് വേളയിലും പരസ്യപ്പെടുത്തിക്കൊണ്ടേയിരുന്നു. ഇത്തവണ പക്ഷെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുന്നണികള്‍ അദ്ദേഹത്തെ പരിഗണിച്ചില്ല. അദ്ദേഹത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായി ഒരു മുസ്ലീം സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്തു. അങ്ങനെ ആ അജണ്ട നടന്നില്ല.

കോന്നിയില്‍ എന്‍എസ്എസ്സിന്റെ താല്‍പര്യ പ്രകാരമായിരുന്നു കോണ്‍ഗ്രസ് മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. കോന്നിയില്‍ കഴിഞ്ഞ കുറെക്കാലം എംഎല്‍എയും എംപിയുമായ അടൂര്‍പ്രകാശിന്റെ അഭിപ്രായം പരിഗണിക്കാതെയാണ് കോണ്‍ഗ്രസ് നീങ്ങിയത്. എന്‍എസ്എസ്സാവും തങ്ങളെ തുണയ്ക്കുകയെന്നായിരുന്നു ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വിശ്വാസം. ഫലമോ കോന്നിയില്‍ രണ്ട് ദശാബ്ദത്തിന് ശേഷം 9953 വോട്ടിന് സീറ്റ് നഷ്ടമായി. സുകുമാരന്‍ നായരും ശബരിമലയുമല്ല, രാഷ്ട്രീയ നിലപാടുകളെയാണ് വോട്ടര്‍മാരെ സ്വാധീനിച്ചതെന്ന് വ്യക്തം. ഇവിടെയും തോറ്റത് സാമുദായിക നേതൃത്വം തന്നെ.

വട്ടിയൂര്‍ക്കാവില്‍ ശരിദുരത്തിലെത്തി യുഡിഎഫിന് വേണ്ടി പരസ്യമായി എന്‍എസ്എസ്സ് കളത്തിലിറങ്ങുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ എന്‍എസ്എസ്സിന്റെ രാഷ്ട്രീയ പ്രഖ്യാപനങ്ങളെ ന്യായികരിച്ചു രംഗത്തെത്തി. ഫലമോ, കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ തുണച്ചിരുന്ന വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസിന് നഷ്ടമായി. ഇവിടെയും കോണ്‍ഗ്രസിനൊപ്പം തോറ്റത് സമൂദായ നേതൃത്വത്തിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ തന്നെ.കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തിന് കാരണം ശബരിമലയാണെന്ന ‘അനൗദ്യോഗിക’ വിലയിരുത്തലിലെത്തിയ സിപിഎം മഞ്ചേശ്വരത്ത് നിര്‍ത്തിയത്, എല്ലാ അര്‍ത്ഥത്തിലും മൃദു ഹിന്ദു വാദിയെന്ന് പറയാവുന്ന നേതാവിനെ ആയിരുന്നു.

ശങ്കര്‍ റെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ പരസ്യമായി എതിര്‍ത്തു. ആ നിലപാട് വോട്ടു നേടിത്തരുമെന്ന് കരുതിയ സിപിഎം നേതൃത്വം ഒന്നും പറഞ്ഞില്ല. ശബരിമലയിലെ സാമൂഹ്യ നീതിയില്‍ അധിഷ്ടിതമായ നിലപാട് തെറ്റിപോയെന്ന് പറയുന്ന നേതാക്കള്‍ ഏറെയായിരുന്നു സിപിഎമ്മിലും ഇടതുപക്ഷത്തും. പക്ഷെ ഹിന്ദുത്വ ശക്തികള്‍ക്ക് സ്വാധീനമുണ്ടെന്ന് കരുതുന്ന മഞ്ചേശ്വരത്തും നിലപാടില്‍ വെള്ളം ചേര്‍ത്തത് സിപിഎമ്മിന്റെ രക്ഷയ്‌ക്കെത്തിയില്ല. 2016 ല്‍ 42565 വോട്ടു നേടിയ സ്ഥാനത്ത് ഇത്തവണ കിട്ടിയത് 38233 വോട്ടുകള്‍ മാത്രം. ശബരിമലയല്ല ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് സിപിഎമ്മിനെ ബോധ്യപ്പെടുത്തേണ്ട ഫലങ്ങളാണ് ഇന്ന് പുറത്ത് വന്നത്. കാരണം ഈ തെരഞ്ഞെടുപ്പില്‍ തോറ്റത് മത വര്‍ഗീയ സാമുദായിക നിലപാടുകളാണ്. രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഈ വസ്തുതകള്‍ എത്രത്തോളം ബോധ്യമായി എന്നത് വരു ദിവസങ്ങളില്‍ കേരളത്തിന് മനസ്സിലാകും.