ഗ്ലോസ്റ്റർഷെയർ മലയാളികളുടെ പ്രിയപ്പെട്ട റിഡംപ്റ്ററിസ്റ്റ് സംഭാംഗമായ റവ. ഫാ. സഖറിയാസ് കാഞ്ഞൂപ്പറമ്പില്‍ (80 വയ്സ്സ്) (കറിയാച്ചന്‍) 2019 ജൂലൈ 18 -ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 10.30 ന് നിര്യാതനായി. സ്വന്തമായിട്ടുള്ളത് എല്ലാം മറ്റുള്ളവർക്ക് നൽകികൊണ്ട് തന്റെ ജീവിതം തന്നെ മറ്റുള്ളവർക്ക് മാതൃകയാക്കി ‘ജീവിച്ച ചിരിറ്റി അച്ചൻ’ എന്ന് വിളിക്കപ്പെട്ടിരുന്ന അദ്ദേഹം എല്ലാവര്ക്കും പ്രീയങ്കരനായിരുന്നു . മൃതസംസ്‌കാരശുശ്രൂഷകള്‍ ശനിയാഴ്ച (20/07/2019) ഉച്ച കഴിഞ്ഞ് 2.30 -ന് ചൊവ്വര നിത്യസഹായമാതാ ഭവനില്‍ ദിവ്യബലിയോടെ ആരംഭിക്കും. പരേതന്‍ കാഞ്ഞൂപ്പറമ്പില്‍ (മുഞ്ഞാടുപറമ്പ്) കുഞ്ഞാണ്ടിച്ചന്റേയും മറിയമ്മയുടേയും (ചേന്നോത്ത്, കോക്കമംഗലം) ആറുമക്കളില്‍ ഇളയവനാണ്. 1955 ല്‍ ദിവ്യരക്ഷകസഭയില്‍ ചേരുകയും 1964 -ല്‍ വൈദികപട്ടം സ്വീകരിക്കുകയും ചെയ്ത അദ്ദേഹം കേരളത്തിലെ വിവിധ ആശ്രമങ്ങളില്‍ സുപ്പീരിയറായൂം ഡയറക്ടറായും, വ്യത്യസ്ത ഇടവകകളില്‍ വികാരിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. കേരളത്തിനു പുറത്ത് ബാംഗ്ലൂര്‍, മധുര, ബൊലാറും, തക്കല എന്നിവിടങ്ങളിലും ഇന്‍ഡ്യക്കു പുറത്ത് ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. 2008 മുതല്‍ 2011 വരെ ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജിലെ സ്പിരിച്ച്വല്‍ ഡയറക്ടറായിരുന്നു.

പരേതരായ കെ.സി. ജോസഫ്, കെ. സി. വര്‍ഗീസ്, ഫാ. തെയോഫിന്‍ കാഞ്ഞൂപ്പറമ്പില്‍, സി. എം. ഐ., കെ. സി. ചാക്കോ എന്നിവര്‍ സഹോദരങ്ങളാണ്. ഏലിക്കുട്ടി (പെണ്ണമ്മ) പാലാത്ര ഏകസഹോദരിയാണ്. ഫാ. ഗാസ്റ്റന്‍ കാഞ്ഞൂപ്പറമ്പില്‍, സി. എം. ഐ., പിതൃസഹോദരപുത്രനാണ്. സി. മരിയ മാര്‍ട്ടിന്‍ സി. എം. സി. (തക്കല) സഹോദരപുത്രിയും, ഫാ. സോണി പാലാത്ര സി. എം.ഐ., സഹോദരിയുടെ പുത്രനുമാണ്. മൃതദേഹം ശനിയാഴ്ച രാവിലെ 8 മണിമുതല്‍ നിത്യസഹായമാതാ ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതാണ്.