നടൻ സിദ്ദിഖിനെതിരെ ലൈംഗികാരോപണ പരാതി ഉയർന്നതിൽ പ്രതികരണവുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി രംഗത്ത്. സംഭവത്തിൽ സിദ്ദിഖിന്റെ പ്രതികരണം അപമാനകരമാണെന്നാണ് ഇവർ പറയുന്നത്. ‘തല മുതിർന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരൽ ചൂണ്ടപ്പെട്ടിരിക്കുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായങ്ങൾ എതെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ.’ ഡബ്ല്യുസിസിയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പിൽ പറയുന്നു.

നടൻ സിദ്ദിഖ് അപമര്യാദയായി പെരുമാറിയതിന്റെ അനുഭവം വെളിപ്പെടുത്തി യുവനടി രേവതി സമ്പത്താണ് രംഗത്തെത്തിയത്. തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ തിരുവനന്തപുരം നിള തിയറ്ററിൽ വെച്ച് താരത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്നായിരുന്നു തുറന്നുപറച്ചിൽ.സിദ്ദിഖിന്റെ പെരുമാറ്റം വലിയ മാനസിക പ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓർമ്മയിലുണ്ടെന്നും രേവതി ഫെയ്സ്ബുക്കിൽ കുറിച്ചു.
2016ൽ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിന്റെ പ്രിവ്യു ചടങ്ങിനിടെയാണ് സിദ്ദിഖ് ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചെന്ന് രേവതി പറയുന്നു. സ്വന്തം മകൾക്ക് ഇങ്ങനെയൊരു അവസ്ഥ വന്നാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നും രേവതി കുറിപ്പിലൂടെ ചോദിച്ചു. എന്നാൽ ആരോഹഫം നിഷേധിച്ച് സിദ്ദിഖും രംഹത്തെത്തിയിരുന്നു.
ഡബ്ല്യുസിസിയുടെ കുറിപ്പ് വായിക്കാം:
വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയിൽ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിർന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരൽ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ ഏതോ ഒരു സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടൻ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായങ്ങൾ എതെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ.

എന്നാൽ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാൻ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്. നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയർന്നാൽ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാർഗ്ഗ നിർദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാൻ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കൾ എന്ന് ഓർമ്മിക്കേണ്ടതുണ്ട്. അതിനിയും നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ലെന്നത് നാണക്കേടാണ്. അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയ്യാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാൻ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ഇക്കാര്യത്തിൽ ഉചിതമായ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യു .സി.സി. ആവശ്യപ്പെടുന്നു!