ഒരു നോ ഡീല്‍ ബ്രെക്‌സിറ്റാണ് നടപ്പാകുന്നതെങ്കില്‍ നൂറ് കണക്കിന് ബ്രിട്ടീഷ് തൊഴില്‍ യോഗ്യതകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് യൂറോപ്യന്‍ കമ്മീഷന്‍. ഡാന്‍സ് ടീച്ചര്‍മാര്‍, ഡോക്ടര്‍മാര്‍, ഗ്യാസ് എന്‍ജിനീയര്‍മാര്‍ തുടങ്ങി നിരവധി മേഖലകളിലെ ബ്രിട്ടീഷ് യോഗ്യതകള്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ബ്രെക്‌സിറ്റിനു ശേഷം പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ഇത് വളരെ ദോഷകരമായി ബാധിച്ചേക്കും.

സോഷ്യല്‍ വര്‍ക്കര്‍മാര്‍, ന്യൂറോളജിസ്റ്റുകള്‍, പീഡിയാട്രീഷ്യന്‍മാര്‍, ഐടി ടെക്‌നീഷ്യന്‍മാര്‍ തുടങ്ങിയ വലിയ പട്ടികയാണ് ഈ വിധത്തില്‍ യൂറോപ്യന്‍ അംഗീകാരം നഷ്ടമാകാന്‍ സാധ്യതയുള്ളതായി നല്‍കിയിരിക്കുന്നത്. അന്തിമ തീരുമാനത്തില്‍ ഹിതപരിശോധന ആവശ്യപ്പെട്ട് ബ്രെക്‌സിറ്റ് വിരുദ്ധര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുകയും പൂര്‍ണ്ണമായും ബ്രിട്ടീഷ് അനുകൂല ബ്രെക്‌സിറ്റ് വേണമെന്ന് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍ വരുന്നത്.

നോ ഡീല്‍ ബ്രെക്‌സിറ്റിനു ശേഷം ഈ ജോലികള്‍ക്ക് വേണ്ട അംഗീകാരം നേടിയില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയന്‍ മെമ്മോറാണ്ടം വ്യക്തമാക്കുന്നു. ശരിയായ വിധത്തിലുള്ള ധാരണകളുണ്ടായില്ലെങ്കില്‍ അംഗീകാരം സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്‍ ചട്ടങ്ങള്‍ യുകെയ്ക്ക് ബാധകമാകില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. റെഗുലേറ്റഡ് ജോലികളായി 216 പ്രൊഫഷനുകളെയാണ് യൂറോപ്യന്‍ യൂണിയന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.