ഭക്ഷണം, മരുന്ന് എന്നിവയിലെ യൂറോപ്യന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് തുരങ്കം വെക്കാനൊരുങ്ങി തീവ്രവലതുപക്ഷ സംഘടനകള്‍. ഇതു സംബന്ധിച്ച് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് വലതുപക്ഷ സംഘടനകളുടെ ശ്രമം. യുകെ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 10 തീവ്രവലതുപക്ഷ സംഘടനകളും ലിബര്‍റ്റേറിയന്‍ ഗ്രൂപ്പുകളും ചേര്‍ന്നാണ് അമേരിക്കയുമായി സ്വതന്ത്രവ്യാപാര ബന്ധം സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ഈ സ്വതന്ത്രവ്യാപാരബന്ധം സ്ഥാപിച്ചാല്‍ ബ്രിട്ടനില്‍ നിരോധിച്ചിട്ടുള്ള മരുന്നുകളും മാംസഉല്‍പ്പന്നങ്ങളും കെമിക്കലുകളും ഇറക്കുമതി ചെയ്യാനുള്ള കരാര്‍ നിലവില്‍ വരുത്താനാകും.

പരിസ്ഥിതി സംരക്ഷണങ്ങള്‍ക്കായുള്ള നിയമങ്ങളില്‍ ഭേദഗതി ആവശ്യപ്പെടുന്ന ഹെറിറ്റേജ് ഫൗണ്ടേഷന്‍, ഓയില്‍ ഭീമന്മാരായ ചാള്‍സ്, ഡേവിഡ് കോച് എന്നിവര്‍ ഫണ്ട് ചെയ്യുന്ന ഗാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ട്, ഹാര്‍ഡ് ബ്രകെ്‌സിറ്റിനായി വാദിച്ചുകൊണ്ടിരിക്കുന്ന ടോറി എംഇപി ഡാനിയേല്‍ ഹന്നാന്‍ സ്ഥാപിച്ചിട്ടുള്ള ഇനീഷ്യേറ്റീവ് ഫോര്‍ ഫ്രീ ട്രേഡ് (IFT)എന്നിവരാണ് സമ്മര്‍ദ്ദം ചെലുത്തുന്ന സ്ഥാപനങ്ങള്‍. ഇനിഷ്യയേറ്റീവ് ഫോര്‍ ഫ്രീ ട്രേഡ് അബദ്ധവശാല്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച രേഖകളില്‍ യുഎസ്-യുകെ സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെടണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഈ കരാര്‍ പ്രകാരം അമേരിക്കയുടെ വ്യാപാര നയങ്ങള്‍ യുകെ അംഗീകരിക്കണമെന്നും പറയുന്നു.

അമേരിക്കന്‍ വ്യാപാര നയങ്ങളെക്കാളും കൂടുതല്‍ യുക്തിസഹമായ നിയമങ്ങളാണ് യൂറോപ്യന്‍ യൂണിയനില്‍ നിലനില്‍ക്കുന്നത്. ഇനീഷ്യേറ്റീവ് ഫോര്‍ ഫ്രീ ട്രേഡ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം വ്യാപാര ബന്ധം സ്ഥാപിക്കുകയാണെങ്കില്‍ ക്ലോറിനേറ്റഡ് കോഴി ഇറച്ചിയും ഹോര്‍മോണ്‍ കുത്തിവെച്ചിട്ടുള്ള ബീഫും ബ്രിട്ടനില്‍ ഇറക്കുമതി ചെയ്യാന്‍ അമേരിക്കയ്ക്ക് അനുവാദം ലഭിക്കും. സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വന്നാല്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ മാര്‍ക്കറ്റ് ലഭ്യമാകും. കൂടാതെ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വാങ്ങിക്കാന്‍ കഴിയുന്നതിനേക്കാളും ചെറിയ തുകയ്ക്ക് സാധനങ്ങള്‍ ലഭ്യമാകുകയും ചെയ്യുമെന്നാണ് വാദം.

ഇപ്പോള്‍ തുടര്‍ന്ന് വരുന്ന യുറോപ്യന്‍ നിയമങ്ങളില്‍ ഇളവ് വരുത്തിയാലെ ഇവ സാധ്യമാകൂ. വില്‍ക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് സുരക്ഷിതമായ ഉല്‍പന്നമാണോ ഇതെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. നിലവിലെ യുകെ-യുഎസ് വ്യാപാര ബന്ധത്തെ അട്ടിമറിക്കാനാണ് സമ്മര്‍ദ്ദതന്ത്രം ഉപയോഗിക്കുന്ന സംഘടനകള്‍ ലക്ഷ്യമിടുന്നതെന്നും ഇറക്കുമതി നിയന്ത്രണങ്ങളെ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഗ്രീന്‍പീസ് യുകെ പോളിസി ഡയറക്ടര്‍ ഡോ. ഡൂഗ് പാര്‍ പറഞ്ഞു.