കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ജയിലില്‍ നിന്ന് തടവു മോചിപ്പിക്കാനുള്ള പട്ടിക ജയില്‍ വകുപ്പ് തയ്യാറാക്കിയത്. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തി ഗവര്‍ണര്‍ തിരിച്ചയക്കുകയായിരുന്നു. കൊടുംകുറ്റവാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ പട്ടിക തിരിച്ചയച്ചത്. ടി.പി ചന്ദ്രശേഖരന്‍ വധക്കസിലെ പ്രതികള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു എന്ന് അന്നു മുതല്‍ സൂചന ഉണ്ടായിരുന്നെങ്കിലും ഇത് സര്‍ക്കോറോ മുഖ്യമന്ത്രിയോ സമ്മതിച്ചിരുന്നില്ല. നിയമസഭയില്‍ ഇത് സംബന്ധിച്ച് ചോദ്യങ്ങള്‍ വന്നപ്പോഴും വ്യക്തമായ ഉത്തരം നല്‍കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടെയാണ് ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടിക വിവരാവകാശ നിയമപ്രകാരം പുറത്തുവന്നത്.

1911 പേരുടെ പട്ടികയാണ് പുറത്തുവന്നത്. ടി.പി കേസിലെ 11 പ്രതികള്‍ ഇതല്‍ ഉള്‍പ്പെടുന്നു. കൊടി സുനി, കിര്‍മാണി മനോജ്, കെ.സി രാമചന്ദ്രന്‍, കുഞ്ഞനന്തന്‍, അണ്ണന്‍ സിജിത്ത്, റഫീഖ്, രജീഷ്, ഷാഫി, ഷിനോജ്, അനൂപ് എന്നവരെല്ലാം പട്ടികയിലുണ്ട്. ഏറെ കോളിളക്കം സൃഷ്ടിച്ച ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമും സര്‍ക്കാറിന്റെ പട്ടികയിലുണ്ട്. കാപ്പ ചുമത്തപ്പെട്ട പ്രതിയടക്കം പട്ടികയില്‍ ഇടംപിടിച്ചുവെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഈ പട്ടിക അങ്ങനെ തന്നെ അംഗീകാരത്തിനായി ഗവര്‍ണ്ണര്‍ക്ക് നല്‍കിയില്ലെന്ന് സൂചനയുണ്ട്. ജയില്‍ ഡി.ജി.പി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട ഒരു ഉന്നതതല സമിതി പരിശോധിച്ച ശേഷം ചില മാറ്റങ്ങള്‍ വരുത്തിയ ശേഷമാണ് പട്ടിക ഗവര്‍ണര്‍ക്ക് അയച്ചത്. എന്നാല്‍ ഇതില്‍ ആരെയൊക്കെ മാറ്റി എന്ന കാര്യം വ്യക്തമല്ല. ഇതില്‍ പലരെയും സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് മോചിപ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ പട്ടിക തിരിച്ചയക്കുകയായിരുന്നു.
സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ച അന്തിമ പട്ടിക പുറത്തുവന്നിട്ടില്ലെങ്കിലും ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടിക, വിവരാവകാശ നിയമപ്രകാരം മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ഇതില്‍ വാടക കൊലയാളികളായ ടി.പി കേസ് പ്രതികള്‍ ഉള്‍പ്പെടുന്നു. സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച് വാടക കൊലയാളികള്‍ക്ക് വിടുതലോ ശിക്ഷാ ഇളവോ നല്‍കാന്‍ പാടില്ല. ഇത് നിലനില്‍ക്കെ ഇവര്‍ ഉള്‍പ്പെട്ട പട്ടിക ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടികയില്‍ എങ്ങനെ ഉള്‍പ്പെട്ടു എന്നതാണ് ഉയരുന്ന ചോദ്യം.