ഇന്ത്യയിലെ നിർമിത ബുദ്ധിയുള്ള ആദ്യ ഇലക്ട്രിക് ബൈക്ക് ആർവി 400 വിപണിയിൽ. ഇലക്ട്രിക് ടൂ-വീലർ നിർമാണ സ്റ്റാർട്ടപ്പായ റിവോൾട്ട് ഇന്റലികോർപ്പാണ് ആർവി 400 ന്റെ നിർമ്മാതക്കൾ. ജൂൺ 18ന് ആർവി 400 രാജ്യത്ത് അവതരിപ്പിച്ചിരുന്നു. ജൂൺ 25 മുതൽ ബൈക്കിന്റെ പ്രീബുക്കിങ്ങും ആരംഭിച്ചിരുന്നു. ഇതിനോടകം 2500ലധികം ബൈക്കുകൾ പ്രീബുക്ക് ചെയ്യപ്പെട്ടതായും കമ്പനി അവകാശപ്പെടുന്നു.

ഇന്ത്യൻ സാഹചര്യങ്ങളെ കുറിച്ച് രണ്ട് വർഷം നീണ്ടുനിന്ന പഠനങ്ങൾക്ക് ശേഷമാണ് റിവോൾട്ട് ഇലക്ട്രിക്ക് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. മനേസറിലെ നിർമ്മാണ യൂണിറ്റിലാണ് ആർവി 400 നിർമ്മിക്കുന്നത്. രാജ്യത്ത് ഒന്നിലധികം മോട്ടോർ സ്കൂട്ടറുകൾ ഓടുന്നുണ്ടെങ്കിലും ഒരു ബൈക്ക് ആദ്യമായാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

പ്രതിമാസം 3,499 രൂപ അടച്ച് ആർവി 400 സ്വന്തമാക്കാം. 37 മാസ കാലയളവിലായിരിക്കും തുക അടക്കേണ്ടത്. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വരെ എക്സഷോറും വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതൊടൊപ്പം തന്നെ ആർവി 300 മോഡൽ 2999 രൂപ പ്രതിമാസ അടവിൽ സ്വന്തമാക്കാം.

ഒറ്റനോട്ടത്തിൽ ഒരു സ്പോർട്സ് ബൈക്ക് എന്ന് തോന്നുമെങ്കിലും സാധാരണ ഉപഭോക്താക്കളെ ലക്ഷ്യംവച്ച് തന്നെയാണ് റിവോൾട്ട് ആർവി 400 എത്തുന്നത്. 3kW മിഡ്-ഡ്രൈവ് മോട്ടോറിൽ പ്രവർത്തിക്കുന്ന ബൈക്കിന്റെ ബാറ്ററി പാക്ക് 72V ലിഥിയം ഐൺ ആണ്. ഒറ്റ ചാർജിൽ 156 കിലോമീറ്റർ വരെ ഓടിക്കാൻ സാധിക്കും. കുറഞ്ഞത് നാല് മണിക്കൂറാണ് ഒരു തവണ ബാറ്ററി ഫുൾ ചാർജാകാൻ വേണ്ടി വരുന്നത്. റിമൂവബൾ ബാറ്ററി എവിടെ വേണമെങ്കിലും ചാർജ് ചെയ്യാൻ സാധിക്കും. റീചാർജ്ജഡ് ബാറ്ററീസ് അധികമായി വാങ്ങാനും സാധിക്കും. 85 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മാക്സിമം സ്‌പീഡ്.

തുടക്കത്തിൽ ഏഴ് നഗരങ്ങളിലാണ് റിവോൾട്ട് ആർവി 400 ലഭ്യമാകുക. ഡൽഹി-എൻസിആർ, പൂനെ, ബെംഗലൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരിക്കും ആർവി 400 എത്തുക.

റിവോൾട്ട് മൊബൈൽ ആപ്ലിക്കേഷൻ വഴിയും ബൈക്ക് പ്രവർത്തിപ്പിക്കാൻ സാധിക്കും. ബൈക്കിന്റെ ശബ്ദം മാറ്റാവുന്നത് പോലെ നിങ്ങളുടെ ശബ്ദം ഉപയോഗിച്ച് ഗൂഗിൾ അസിസ്റ്റന്റിന്റെ സഹായത്തോടെ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ വരെ സാധിക്കും. ഒരു ബാറ്ററി അഞ്ച് വർഷം വരെ ഉപയോഗിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.

മൈക്രോമാക്സ് ഇൻഫോമാറ്റിക്സ് സഹസ്ഥാപകൻ രാഹുൽ ശർമ്മയാണ് റിവോൾട്ട് ഇന്റലികോർപ്പിന്റെയും സ്ഥാപകൻ. റേബൽ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് റിവോൾട്ട് ആർവി 400 എത്തുന്നത്.