ലണ്ടന്‍: ഇനിയൊരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് വ്യക്തമായ രോഗികളുടെ മരിക്കാനുള്ള അവകാശത്തില്‍ നിര്‍ണ്ണായക വിധിയുമായി ഹൈക്കോടതി. ഇത്തരം കേസുകൡ ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങളുടെ സഹായം പിന്‍വലിക്കുന്നതിന് ഇനി മുതല്‍ കോടതിയുടെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി വിധിച്ചു. എല്ലാ മാര്‍ഗ്ഗങ്ങളും നോക്കിയശേഷം രോഗിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ ബന്ധുക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും സ്വമേധയാ തീരുമാനമെടുക്കാന്‍ സാധിക്കും.

ഇത്തരം സാഹചര്യങ്ങളില്‍ കോടതി നടപടികള്‍ക്കു വേണ്ടി കാത്തിരിക്കേണ്ട സാഹചര്യമായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. എം എന്ന അപരനാമത്തിലുള്ള സ്ത്രീക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട അപേക്ഷയിലാണ് നിര്‍ണ്ണായക വിധി ജഡ്ജ് പീറ്റര്‍ ജാക്‌സണ്‍ പുറപ്പെടുവിച്ചത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന ഹണ്ടിംഗ്ടണ്‍ രോഗം ബാധിച്ച ഇവര്‍ക്ക് മരണത്തിനുള്ള അനുമതി നല്‍കണമെന്നായിരുന്നു അപേക്ഷ. മിഡ്‌ലാന്‍ഡ്‌സിലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന ഇവര്‍ക്കുവേണ്ട് ഏപ്രിലിലാണ് അപേക്ഷ സമര്‍പ്പിക്കപ്പെട്ടത്.

ജൂണിലാണ് ഇവര്‍ക്ക് മരണം നല്‍കാനുള്ള അനുമതി കോടതി പുറപ്പെടുവിച്ചത്. ജൂലൈ 24ന് ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ നീക്കം ചെയ്തു. 25 വര്‍ഷത്തോളം നീണ്ട ദുരിതങ്ങള്‍ക്കൊടുവില്‍ ഓഗസ്റ്റ് 4ന് 50-ാമത്തെ വയസിലാണ് അവര്‍ മരിച്ചത്. ഇത്തരം കേസുകള്‍ കോടതിയുടെ അനുമതിക്കായി സമര്‍പ്പിക്കേണ്ട നിയമപരമായ ബാധ്യതയില്ലെന്ന് കോടതി വ്യക്തമാക്കി. കോടതിയുടെ പരിഗണനക്കു വിധേയമായി മാത്രമേ ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കാനാകൂ എന്ന് വന്നാല്‍ രോഗികളുടെ ദുരിതത്തില്‍ സഹായിക്കാന്‍ ഡോക്ടര്‍മാര്‍ മടിക്കുമെന്നും ഫലമില്ലാത്ത ചികിത്സ അനന്തമായി നീളുമെന്നും ജഡ്ജി വ്യക്തമാക്കി.