ബൈജു വര്‍ക്കി, തിട്ടാല

പോലീസ് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്താല്‍, അന്വേഷണത്തിന്റെ ഭാഗമായ ഇയാളെ ചോദ്യം ചെയ്തിരിക്കണം. ചോദ്യം ചെയ്യലിന്റെ ആദ്യം തന്നെ ഇയാള്‍ക്ക് നിയമോപദേശം ആവശ്യമാണെങ്കില്‍ അതിനാവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ പോലീസ് നിയമപരമായി ബാധ്യസ്ഥരാണ്. ഇത്തരത്തില്‍ പോലീസ് ഒരാളെ ചോദ്യം ചെയ്യുമ്പോള്‍ ഇയാളോടൊപ്പം ഒരു ലോയര്‍ കൂട്ടത്തില്‍ ഇരിക്കുവാനും നിയമപരമായ കാര്യങ്ങളില്‍ സഹായിക്കാനുമുള്ള അവകാശം ചോദ്യം ചെയ്യപ്പെടുന്ന ആളിനുണ്ട്. മാത്രമല്ല ചോദ്യം ചെയ്യപ്പെടുന്ന ആളിന് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനും മനസിലാക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ചോദ്യം ചെയ്യപ്പെടുന്ന ആളിന്റെ ഭാഷയില്‍ കൈകാര്യം ചെയ്യുന്ന ഒരാളെ, പരീക്ഷകനെ ലഭ്യമാക്കുന്നതിനുള്ള നിയമപരമായ ഉത്തരവാദിത്തം പോലീസിനുണ്ട്.

ബ്രിട്ടീഷ് നിയമവ്യവസ്ഥ കുറ്റകൃത്യം ചെയ്തു എന്ന സംശയത്തില്‍ ചോദ്യം ചെയ്യുമ്പോള്‍ നിയമസഹായവും തന്റെ ഭാഷയില്‍ കാര്യങ്ങള്‍ മനസിലാക്കുന്നതിനുള്ള അവകാശം മൗലികാവകാശമായി കണക്കാക്കി നല്‍കുന്നതാണ്. മാത്രമല്ല ഇത്തരത്തില്‍ നല്‍കുന്ന സഹായത്തിന്റെ ചെലവ് വഹിക്കുന്നതും ഗവണ്‍മെന്റാണ്. യാതൊരു മാനദണ്ഡങ്ങളും കൂടാതെ ഒരാള്‍ക്ക് കിട്ടുന്ന അവകാശമാണിത്.

ഒരാള്‍ ചോദ്യം ചെയ്യപ്പെടുന്നതിന് മുമ്പ് നിയമസഹായം ആവശ്യപ്പെട്ടാല്‍, നിയമസഹായം ലഭിക്കാതെ ഇയാളെ ചോദ്യം ചെയ്യലിന് വിധേയമാക്കാന്‍ പോലീസിന് അധികാരമില്ല. എന്നിരുന്നാലും ചില പ്രത്യേക തരം കുറ്റങ്ങള്‍ക്ക് ഇത് ബാധകമല്ല. എന്നാല്‍ ഇത്തരം അവകാശങ്ങള്‍ നിഷേധിക്കണമെങ്കില്‍ പോലീസ് പല കടമ്പകള്‍ കടക്കണം.

ഒരാള്‍ ചോദ്യം ചെയ്യുമ്പോഴേ, അതിനു മുമ്പേ നിയമസഹായം ആവശ്യപ്പെട്ടാല്‍ ഉടന്‍ തന്നെ ലോയറെ കണ്ടുപിടിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിരിക്കണം. ചിലപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്ന ആളിന് ഇഷ്ടമുള്ള ലോയറെ തന്നെ ആവശ്യപ്പെട്ടാല്‍ അയാളുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണം. മാത്രമല്ല ലോയര്‍ക്ക് സ്റ്റേഷനില്‍ എത്താനുള്ള സമയവും അനുവദിക്കണം. ചില സാഹചര്യങ്ങളില്‍ ലോയര്‍ എത്താന്‍ താമസിക്കുകയോ അല്ലെങ്കില്‍ എത്താന്‍ പറ്റാതെ വന്നാല്‍ ചോദ്യം ചെയ്യപ്പെടുന്ന ആളുമായി സംസാരിച്ച് പകരം സംവിധാനങ്ങള്‍ നല്‍കാന്‍ പോലീസ് ബാധ്യസ്ഥമാണ്