മലയാള താര സംഘടന്ക്കും താരങ്ങള്‍ക്കുമെതിരെ തുറന്നുപറച്ചിലുമായി വീണ്ടും റിമ കല്ലിങ്ങല്‍‌. മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമടക്കം പരാമര്‍ശിക്കുന്ന റിമ ഇതാദ്യമായി ദുല്‍ഖറിനെയും വിമര്‍ശനവിധേയനാക്കുന്നു. വിവാദ വിഷയങ്ങളില്‍ ദുൽഖർ സൽമാനെ പോലെയുള്ളവരെ പോലെ ഇരു ഭാഗത്തും നിൽക്കാൻ ഇല്ലെന്നു പറഞ്ഞു കൈ കഴുകാൻ തങ്ങൾക്കാകില്ലെന്നും എല്ലാക്കാലവും ആക്രമിക്കപ്പെട്ട നടിക്കെതിരെ ഉറച്ചുനില്‍ക്കുമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റിമ പറഞ്ഞു.

ആരെയും ദ്രോഹിക്കാൻ അല്ല ഈ സംഘടന ഞങ്ങള്‍ തുടങ്ങിയത്. ഒരാൾക്കൊപ്പം നിൽക്കുമ്പോൾ വേട്ടക്കാരായ മറ്റു പലരെയും എതിരെ നിൽക്കേണ്ടി വരും. ദുൽഖർ സല്‍‌മാന്‍ പറഞ്ഞപോലെ ഞാനാരുടെയും ഭാഗം എടുക്കില്ല, കാരണം ഒരാൾക്കൊപ്പം നിൽക്കുമ്പോൾ വേറൊരാൾക്ക് എതിരെ നിൽക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല. ദുൽഖറിനിങ്ങനെ പറഞ്ഞ് കൈ കഴുകാൻ പറ്റുമായിരിക്കും. പക്ഷെ ഞങ്ങൾക്കത് പറ്റില്ല. അതിനു കൂടെ നിൽക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങൾക്കറിയാം.– റിമ തുറന്നുപറഞ്ഞു.

ഹിന്ദി സിനിമയുടെ പ്രചാരണത്തിനിടെ ഒരു ദേശീയ ചാനലില്‍ നല്‍കിയ പ്രതികരണം സംബന്ധിച്ച ചോദ്യത്തോടാണ് റിമ ഇങ്ങനെ പറഞ്ഞത്. താൻ അമ്മ എക്സിക്യുട്ടിവ് അംഗമല്ലെന്നും അതിനാൽ ദിലീപ് വിഷയത്തിൽ മറുപടി പറയേണ്ടതില്ലെന്നും ആയിരുന്നു താരത്തിന്റെ പ്രതികരണം.

ആദ്യഘട്ടത്തില്‍ സജീവമായി ഉണ്ടായിരുന്ന മഞ്ജു വാര്യർ ഇപ്പോഴും ആക്രമിക്കപ്പെട്ട നടിയോടൊപ്പം ഉണ്ടോ എന്ന ചോദ്യത്തിന് റിമയുടെ മറുപടി ഇതായിരുന്നു: അവളോടൊപ്പം എന്ന നിലപാടിനൊപ്പം അവരും ഉണ്ട്. പക്ഷെ ഡബ്ല്യുസിസി എന്ന സംഘടന ഒരുപാട് കാര്യങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയാണ് ചോദ്യം ചെയ്യുന്നത്. അപ്പോൾ വലിയൊരു പവർ സ്ട്രക്ച്ചറിനെയാണ് എതിർക്കേണ്ടി വരുന്നത്. പലർക്കുമെതിരെ നിൽക്കേണ്ടി വരും. അപ്പോൾ അതിന്റെ ഭാഗമാകാൻ അവർക്കു താൽപ്പര്യമില്ലായിരിക്കും.