ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനുപിന്നില്‍ ആളുകള്‍ വെറുതെ വീട്ടിലിരിക്കുന്നതിനാല്‍ സോഷ്യല്‍ മീഡിയയില്‍ കുത്തിപ്പൊക്കലുകള്‍ സജീവമാണ്. പഴയ ചിത്രങ്ങളാണ് അത്തരത്തില്‍ കുത്തിപ്പൊക്കി എടുക്കുന്നത്. കുത്തിപ്പൊക്കലുകളില്‍ സിനിമാ തരാങ്ങളും ഇരയായിട്ടുണ്ട്. 20 വര്‍ഷം പഴക്കമുള്ള ഈ ചിത്രം ഇപ്പോള്‍ തപ്പി എടുത്ത ആള്‍ക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

20 വര്‍ഷം മുമ്പ് പത്രത്തില്‍ അച്ചടിച്ചു വന്ന തന്റെ ചിത്രം ലഭിച്ച സന്തോഷത്തിലാണ് ഗായിക റിമി ടോമി. നിറം എന്ന കമല്‍ ചിത്രം ഹിറ്റായി ഓടുന്ന സമയത്ത് സാക്ഷാല്‍ കുഞ്ചാക്കോ ബോബന്‍ പാല അല്‍ഫോണ്‍സാ കോളേജിലെത്തിയപ്പോഴെടുത്ത ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കയാണ് ഗായിക.. ചിത്രത്തില്‍ ഇഷ്ടതാരത്തിനടുത്ത് ഓട്ടോഗ്രാഫിനായി നില്‍ക്കുന്ന ആരാധികമാര്‍ക്കിടയില്‍ റിമിയുമുണ്ട്.

കുഞ്ചാക്കോ ബോബന്‍ അന്ന് യുവാക്കള്‍ക്കിടയില്‍ തരംഗമായിരുന്ന കാലമാണ്. 1999ല്‍ പുറത്തു വന്ന നിറം മലയാളത്തിലെ എക്കാലത്തെയും റൊമാന്റിക് ഹിറ്റുകളില്‍ ഒന്നാണ്. അക്കാലത്ത് നിറയെ ആരാധികമാരുമുണ്ടായിരുന്നു ചാക്കോച്ചന്. താനും അതിലൊരാളായിരുന്നുവെന്നു പറയുകയാണ് റിമി. പങ്കുവെച്ച ചിത്രം ചാക്കോച്ചന്‍ തന്നെ അയച്ചു തന്നതാണെന്നും നന്ദിയുണ്ടെന്നും റിമി പോസ്റ്റില്‍ പറയുന്നു.