സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരായി രൂപീകരിച്ച വിമന്‍ ഇന്‍ സിനിമാ കലക്ടീവില്‍ അംഗമാകാത്തതിനെകുറിച്ച് നടിമാരായ മംമ്ത, ശ്വേത മേനോന്‍, മിയ തുടങ്ങിയവര്‍ പ്രതികരിച്ചിരുന്നു. മോശം അനുഭവങ്ങള്‍ ഉണ്ടാകാത്തതിനാല്‍ ഇത്തരം സംഘനടകളുടെ ആവശ്യം തോന്നുന്നില്ലെന്നാണ് അവര്‍ പറഞ്ഞത്. ഇതിനെതിരെയാണ് ഡബ്ലൂസിസിയുടെ കോര്‍ കമ്മിറ്റി അംഗം കൂടിയായ റിമ കല്ലിങ്കല്‍ രംഗത്തെത്തിയിരിക്കുന്നത്. തനിക്കും അത്തരം അനുഭവങ്ങള്‍ നേരിട്ടിട്ടില്ലെന്നും എന്നാല്‍ ഇനി സംഭവിക്കാതിരിക്കാനാണ് സംഘടനയിലൂടെ സംസാരിക്കുന്നതെന്നും റിമ തുറന്നടിച്ചു.

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റിനെതിരായ ലൈംഗികാരോപണ കേസുകള്‍ ഒരു മാതൃകയാണ്. പല സമയത്തും ഒറ്റപ്പെട്ട് ശബ്ദം ഉയര്‍ത്തിയിരുന്നവര്‍ ഒന്നായപ്പോള്‍ അത് ശ്രദ്ധിക്കപ്പെട്ടു. അതു തന്നെയാണ് ഇവിടെയും വന്നത്. ഞങ്ങള്‍ ഒന്നിച്ചു പറഞ്ഞപ്പോള്‍ സ്ത്രീകള്‍ക്കു വേണ്ടി ഒരു സംഘടനയുണ്ടായി. റിമ വ്യക്തമാക്കി.

അവള്‍ക്കൊപ്പം ആരും ഉണ്ടാകില്ലയെന്ന പേടിയൊന്നും ഞങ്ങള്‍ക്കില്ല. അവള്‍ക്കൊപ്പം നില്‍ക്കാത്തവര്‍ കാര്യങ്ങളൊന്നും തിരിച്ചറിഞ്ഞില്ലല്ലോ എന്ന സഹതാപമേയുള്ളൂ. ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളിച്ചവരും ലഡു വിതരണം ചെയ്തവരും വളരെ കുറച്ചു പേരാണ്. അതിന്റെ ആയിരം ഇരട്ടി ഞങ്ങളോടൊപ്പമുണ്ട്. ഒരു പബ്ലിക് ഇവന്റില്‍ പങ്കെടുത്താല്‍ അവരുടെ സപ്പോര്‍ട്ട് മനസ്സിലാക്കാന്‍ കഴിയും. പെണ്ണുങ്ങള്‍ മാത്രമല്ല ആണുങ്ങളും ഞങ്ങളോടൊപ്പമുണ്ടെന്നും റിമ പറഞ്ഞു.