ലെസ്റ്റര്‍ മലയാളിയുടെ വീട്ടില്‍ മോഷണം നടത്തിയ രീതി ആരെയും അമ്പരപ്പിക്കുന്നത്. വീട്ടുകാര്‍ സ്ഥലത്ത് നിന്ന് മാറിയ തക്കം നോക്കി മോഷണത്തിനെത്തിയ മോഷ്ടാക്കള്‍ വീട്ടുകാര്‍ തിരികെയെത്തിയപ്പോള്‍ ആക്രമിക്കാനും മുതിര്‍ന്നു. ലെസ്റ്ററിലെ കോള്‍വിലെ താമസക്കാരനായ സിബി പുന്നൂസിന്റെയും ആന്‍സി സിബിയുടെയും വീട്ടിലാണ് മോഷണം നടന്നത്. മോഷണത്തില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ സ്വര്‍ണവും പാസ്പോര്‍ട്ടും ഒസിഐ കാര്‍ഡും അടക്കമുള്ള മുഴുവന്‍ രേഖകളും നഷ്ടമായിട്ടുണ്ടെന്നാണ് വിവരം. വീട്ടിലെ സാധനങ്ങളും അലമാരകളും കട്ടിലുകളും എല്ലാം വലിച്ചു വാരിയിട്ട് പരിശോധിച്ച മോഷ്ടാക്കള്‍ പല സാധനങ്ങളും നശിപ്പിച്ചിട്ടുമുണ്ട്. മോഷ്ടാക്കള്‍ വെള്ളക്കാരാണെന്നാണ് സംശയം.

ഒരു മൈല്‍ മാത്രം അകലെയുള്ള സുഹൃത്തിന്റെ വീട്ടിലെ വിവാഹ വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത ശേഷം ഒരുപാട് സമയം കളയാതെ സ്വന്തം വീട്ടില്‍ സിബി തിരിച്ചെത്തിയത് ഒപ്പം കുട്ടികളും ഉണ്ടായിരുന്നതു കൊണ്ടായിരുന്നു. എന്നാല്‍ എട്ടുമണിയോടെ വീട്ടില്‍ എത്തിയ സിബി പുന്നൂസ് വീടിനുള്ളില്‍ വെളിച്ചം കണ്ട് ആദ്യം അമ്പരന്നു. ലൈറ്റുകള്‍ എല്ലാം അണച്ച് വീട് പൂട്ടിയ ശേഷം പോയിട്ടും എന്ത് സംഭവിച്ചുവെന്ന ആശങ്കയോടെയാണ് സിബി വീട്ടുമുറ്റത്തേക്ക് കടന്നത്. പെട്ടെന്ന് പിന്‍വാതിലിലൂടെ മൂന്ന് മുഖം മൂടിധാരികള്‍ കൂസല്‍ ഇല്ലാതെ പുറത്തേക്ക് വന്നു സിബിക്ക് നേരം ആക്രമണം അഴിച്ചു വിടുക ആയിരുന്നു.

വൈകുന്നേരത്തോടെയാണ് സിബിയും ആന്‍സിയും മൂന്ന് മക്കളും ചേര്‍ന്ന് സ്വന്തം കാറില്‍ വിവാഹ വാര്‍ഷിക പാര്‍ട്ടി ആഘോഷത്തിനായി ഒരു മൈല്‍ അകലെയുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോയത്. ഗ്ലെന്‍ഫീല്‍ഡില്‍ ജോലിക്ക് പോവേണ്ടതിനാല്‍ ആന്‍സി ആഘോഷങ്ങള്‍ എല്ലാം കഴിഞ്ഞ് അവിടെ നിന്നും കാറെടുത്ത് ജോലി സ്ഥലത്തേയ്ക്ക് പോയി. അതിനാല്‍ തന്നെ സിബിയും മക്കളും സിബിയുടെ സുഹൃത്തിന്റെ കാറിലാണ് വീട്ടിലേക്ക് എത്തിയത്.

വീട്ടുമുറ്റത്ത് എത്തിയപ്പോഴാണ് വീടിനകത്തു മുഴുവന്‍ വെളിച്ചം കണ്ടത്. വൈകുന്നേരം ഇറങ്ങിയപ്പോള്‍ ലൈറ്റ് ഒന്നും ഇട്ടിരുന്നില്ലല്ലോ എന്ന് പറഞ്ഞു മക്കളെ സുഹൃത്തിനൊപ്പം കാറില്‍ തന്നെ ഇരുത്തി സിബി വീടിനകത്തേക്ക് പ്രവേശിക്കുകയായിരുന്നു. വീട്ടുടമയെ കണ്ട മോഷ്ടാക്കള്‍ ധൈര്യപൂര്‍വ്വം മുന്നോട്ടു വന്ന് സിബിയെ ആക്രമിക്കുകയായിരുന്നു. പുറത്തേക്ക് ഓടിയിറങ്ങിയെങ്കിലും മോഷ്ടാക്കള്‍ മുറ്റത്തുണ്ടായിരുന്ന വേസ്റ്റ് ബിന്‍ സിബിക്കു നേരെ എറിയുകയും സുഹൃത്തിനെ കാറില്‍ നിന്നും പുറത്തിറക്കാത്ത രീതിയില്‍ കാറിനു നേരെയും സിബിക്കു നേരെയും കല്ലുകള്‍ പെറുക്കി എറിയുകയായിരുന്നു.

വേസ്റ്റ് ബിന്‍ കൊണ്ട് കല്ലുകളെ തടഞ്ഞതിനാല്‍ സിബിക്ക് കാര്യമായ പരിക്കുകളൊന്നും ഏറ്റിട്ടില്ല. എന്നാല്‍ കല്ലേറില്‍ കാറിന്റെ ഒരു ഹെഡ്‌ലൈറ്റ് പൊട്ടുകയും ചെയ്തു. അല്‍പം അകലെയായി നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനടുത്തേക്ക് ഓടിയ മോഷ്ടാക്കളെ പിന്തുടര്‍ന്ന് ഓടിയെങ്കിലും പിടിക്കാനായില്ല. ആ ഒരു സാഹചര്യത്തില്‍ കാറിന്റെ നമ്പര്‍ നോട്ട് ചെയ്യാനും സാധിച്ചില്ലെന്ന് സിബിയും സുഹൃത്തും പറഞ്ഞു.

തുടര്‍ന്ന് മക്കളെയും കൂട്ടി വീട്ടിനകത്തേക്ക് പ്രവേശിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. വീടിന്റെ പുറകുവശത്തെ വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കടന്ന മുകള്‍ നിലയിലെ മൂന്ന് ബെഡ്‌റൂമുകളും പൂര്‍ണമായും നശിപ്പിച്ച് ഇട്ടിരിക്കുകയാണ്. വീട്ടിന്റെ മുകള്‍ നിലയില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ സ്വര്‍ണവും പാസ്പോര്‍ട്ടും ഒസിഐ കാര്‍ഡും അടക്കമുള്ള മുഴുവന്‍ രേഖകളും മോഷ്ടാക്കള്‍ കൊണ്ടു പോയെന്നാണ് വിവരം. വീട്ടിലെ സാധനങ്ങളും അലമാരകളും കട്ടിലുകളും എല്ലാം വലിച്ചു വാരിയിട്ട് പരിശോധിച്ച മോഷ്ടാക്കള്‍ പല സാധനങ്ങളും നശിപ്പിച്ചിട്ടുമുണ്ട്. വീട് ആകെ അലങ്കോലപ്പെട്ട നിലയിലാണ്.

വിവരം അറിയിച്ച ഉടന്‍ മൂന്ന് വാഹനങ്ങളിലായി സ്ഥലത്തെത്തിയ പൊലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്. മോഷ്ടാക്കളെ ഭയന്നുതന്നെ വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്ന പതിവ് ഇല്ലായിരുന്നു. എന്നാല്‍ അടുത്ത ദിവസം ഉണ്ടായിരുന്ന ഒരു ആഘോഷത്തിനായിട്ടാണ് സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചത്. ബെഡിനടിയില്‍ സൂക്ഷിച്ചിരുന്ന ഈ സ്വര്‍ണം മുഴുവന്‍ മോഷ്ടാക്കള്‍ കൊണ്ടുപോവുകയും ചെയ്തു.

കരുതിക്കൂട്ടിയുള്ള ആക്രമണം ആണെന്നാണ് സിബിയും കുടുംബവും പറയുന്നത്. കാരണം, വീടു പൂട്ടി പാര്‍ട്ടിക്കു പോയ ഉടനെ ആണ് മോഷണം ഉണ്ടായത്. മാത്രമല്ല, അവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കാതെ, തന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും സിബി പറയുന്നു. സംഭവം അറിഞ്ഞ് ലാഫ്ബറോയിലെ സിബിയുടെ അടുത്ത കുടുംബ സുഹൃത്തുക്കള്‍ എല്ലാം സിബിയുടെ വീട്ടിലെത്തിയിട്ടുണ്ട്.

സമീപകാലത്ത് ലെസ്റ്റര്‍ മലയാളികളുടെ വീടുകള്‍ ലക്ഷ്യമിട്ട് നടക്കുന്ന നിരവധി മോഷണ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ലെസ്റ്ററിലെ ഒരു മലയാളി കുടുംബത്തില്‍ അടുത്തയിടെ നടന്ന ഒരു മോഷണ ശ്രമത്തില്‍ കുട്ടിയുടെ നേരെ കത്തി ചൂണ്ടി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മറ്റൊരു മലയാളിയുടെ കടയില്‍ നടന്ന മോഷണ ശ്രമം കടയുടമയുടെ ധീരമായ ഇടപെടലിനെ തുടര്‍ന്ന് പരാജയപ്പെടുകയും മോഷ്ടാവ് പിടിയിലാവുകയും ചെയ്തിരുന്നു.