റോള്‍സ് റോയ്‌സ് 4000 ജീവനക്കാരെ പിരിച്ചു വിടുന്നു. ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് ഇത്രയും തസ്തികകള്‍ ഒഴിവാക്കുന്നതെന്ന് എയറോസ്‌പേസ് ഭീമന്‍ വെളിപ്പെടുത്തി. മിഡില്‍ മാനേജ്‌മെന്റ് തസ്തികകളില്‍ നിന്നാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി ഉദ്ദേശിക്കുന്നത്. ബാക്ക് ഓഫീസ് ജീവനക്കാരെ പിരിച്ചു വിടുന്ന കാര്യം കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് വാറന്‍ ഈസ്റ്റ് വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് കരുതുന്നു. ഡെര്‍ബിയിലെ സിവില്‍ എയറോസ്‌പേസ്, ന്യൂക്ലിയര്‍ ഡിവിഷനുകളിലെ ജീവനക്കാരെയായിരിക്കും ഈ നീക്കം ഏറ്റവും കൂടുതല്‍ ബാധിക്കുക എന്നാണ് കരുതുന്നത്. 2015 മുതല്‍ കമ്പനി 5500 ജീവനക്കാരെ പിരിച്ചു വിട്ടിട്ടുണ്ട്.

നിലവിലുള്ള 50,000 ജീവനക്കാരില്‍ 10 ശതമാനം പേരെ പിരിച്ചു വിടാനാണ് കമ്പനി തയ്യാറെടുക്കുന്നതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2016ല്‍ നേരിട്ട 4.6 ബില്യന്‍ പൗണ്ടിന്റെ പ്രീടാക്‌സ് നഷ്ടത്തിനു ശേഷം കമ്പനി ഈ വര്‍ഷം കരകയറാന്‍ തുടങ്ങുന്നതേയുള്ളുവെന്നാണ് രണ്ടു മാസം മുമ്പ് വാറന്‍ ഈസ്റ്റ് അറിയിച്ചത്. 150 രാജ്യങ്ങളിലായി പരന്നു കിടക്കുന്ന ഉപഭോക്തൃനിരയുണ്ടായിട്ടും കമ്പനിക്ക് കാര്യമായ ലാഭം കഴിഞ്ഞ വര്‍ഷം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. 400ലേറെ എയര്‍ലൈനുകളും 160 സൈന്യങ്ങളും 70 നേവികള്‍ ഉള്‍പ്പെടെ 4000 മറൈന്‍ ഉപഭോക്താക്കളും 5000ലേറെ പവര്‍, ന്യൂക്ലിയര്‍ ഉപഭോക്താക്കളുമാണ് കമ്പനിക്കുള്ളത്.

ട്രെന്റ് 1000, ട്രെന്റ് 900 വിമാന എന്‍ജിനുകളുടെ പാര്‍ട്ടുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കാലാവധി കഴിയുന്ന തകരാറ് 270 മില്യന്‍ പൗണ്ടിന്റെ നഷ്ടമാണ് കമ്പനിക്ക് വരുത്തിവെച്ചത്. 2018ല്‍ 4.9 ബില്യന്‍ പൗണ്ട് മാത്രമാണ് കമ്പനിയുടെ പ്രീടാക്‌സ് ലാഭം. സ്‌പെയിനിലെ ആസ്റ്റില്ലെറോസ് ഗോന്‍ഡന്‍ ഷിപ്പ് യാര്‍ഡ് കമ്പനിയുമായി കരാറിലെത്തിയതായി കഴിഞ്ഞയാഴ്ച റോള്‍സ് റോയ്‌സ് അറിയിച്ചിരുന്നു.