കോഴിക്കോട്: കോഴിക്കോട്ടെത്തിയ ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പൊതുപരുപാടിയില്‍ പങ്കെടുത്ത് മടങ്ങവെ റൊണാള്‍ഡീന്യോ സഞ്ചരിച്ച വാഹനത്തിന് മുന്നിലേക്ക് ട്രാഫിക്ക് സിഗ്‌നല്‍ മറിഞ്ഞു വീഴുകയായിരുന്നു. ആരാധകരുടെ തിരക്കു മൂലമാണ് സിഗ്നല്‍ പോസ്റ്റ് മറിഞ്ഞു വീണത്. സേട്ട് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ബ്രാന്‍ഡ് അമ്പാസിഡറായിട്ടാണ് താരം കോഴിക്കോട്ട് എത്തിയത്.
ഇന്നലെ വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് നടന്ന ചടങ്ങില്‍ ‘നാഗ്ജി ഇന്റര്‍നാഷനല്‍ ക്ലബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ്’ റൊണാള്‍ഡീന്യോ കാല്‍പന്ത് ലോകത്തിന് സമര്‍പ്പിച്ചു. സൂപ്പര്‍താരത്തെ നേരില്‍ ഒരു നോക്കുകാണാന്‍ ഒഴുകിയ ആരാധകപ്പട ഉച്ചക്കുമുമ്പേ ഉദ്ഘാടന വേദിയായ കടപ്പുറത്ത് ഇടംപിടിച്ചിരുന്നു.

ബ്രസീല്‍ പതാകയും മഞ്ഞക്കുപ്പായവുമായെത്തിയ പതിനായിരങ്ങളുടെ നടുവിലേക്ക് ഫഌ്‌ലിറ്റ് വെളിച്ചത്തിലൂടെ 7.15ഓടെയാണ് റൊണാള്‍ഡീന്യോ എത്തിയത്.നാഗ്ജി കുടുംബാംഗങ്ങളില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങി ടൂര്‍ണമെന്റ് സംഘാടകരായ ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കും, ‘മൊണ്ട്യാല്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രതിനിധികള്‍ക്കും കൈമാറിയാണ് റൊണാള്‍ഡീന്യോ ഫുട്ബാള്‍ വസന്തത്തിന്റെ തിരിച്ചുവരവിന് കിക്കോഫ് കുറിച്ചത്.