കാണ്‍പൂര്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന തട്ടിപ്പ് മാതൃകയില്‍ കൂടുതല്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്പ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായി വായ്പ എടുത്ത് റോട്ടോമാക് പെന്‍സ് കമ്പനി ഉടമ വിക്രം കോത്താരി മുങ്ങിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വായ്പ ഇനത്തില്‍ ഏതാണ്ട് 800 കോടിയോളം രൂപ ബാങ്കുകളില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ ചട്ടം ലംഘിച്ചാണ് കോത്താരിക്ക് വായ്പ നല്‍കിയിരിക്കുന്നത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 485 കോടിയും അലഹബാദ് ബാങ്കില്‍ നിന്ന് 352 കോടിയുമാണ് കോത്താരി വായ്പ എടുത്തിരിക്കുന്നത്. വായ്പാ കാലാവധി ഒരു വര്‍ഷം പിന്നിട്ടു കഴിഞ്ഞിട്ടും വായ്പതുകയോ പലിശയോ കോത്താരി തിരിച്ചടച്ചിട്ടില്ല.

കാണ്‍പൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന കോത്താരിയുടെ ഓഫീസ് ഏതാനും ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ഇയാള്‍ എവിടെയാണെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോത്താരിയുടെ ആസ്തികള്‍ കണ്ടുകെട്ടുന്നതു വഴി ബാങ്കിനുണ്ടായിരിക്കുന്ന നഷ്ടങ്ങള്‍ നികത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. 11,400 കോടി രൂപ വായ്പ ഇനത്തില്‍ വാങ്ങി നാടുവിട്ട നീരവ് മോഡിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെ പൊതുമേഖലാ ബാങ്കുകളില്‍ നടന്ന തട്ടിപ്പുകളേക്കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.