കൊലക്കേസില്‍ മുങ്ങി നടന്ന പ്രതി പായിപ്പാട് നാലുകോടി പുളിമൂട്ടില്‍ കൊല്ലംപറമ്പല്‍ റോയിയെ (48) 12 വര്‍ഷത്തിനു ശേഷം പിടികൂടാനുള്ള  തുമ്പു കിട്ടിയത്‌ഫേസ്ബുക്കില്‍ വന്ന വെറുമൊരു ലൈക്ക്. റോയി നാട്ടില്‍ നിന്നു മുങ്ങിയപ്പോള്‍ കൂടെ കൊണ്ടുപോയ യുവതിയുടെ ഒരു ലൈക്കാണ് പോലീസിന് തുന്പായത്. പ്രീതി എന്ന യുവതി ലീന ജോസഫ് എന്നു പേരുമാറ്റി റോയിയോടൊപ്പം കൊടൈകനാലില്‍ താമസിച്ചു വരികയായിരുന്നു. ബന്ധുവിന്റെ വിവാഹ ഫോട്ടോ ഫെയ്‌സ് ബുക്കില്‍ കണ്ട് യുവതി ലൈക്കടിച്ചു.

ലൈക്കടിച്ച യുവതിയുടെ അവ്യക്തമായ ചിത്രം കണ്ട് വീട്ടുകാര്‍ക്ക് സംശയം തോന്നി. പഴയ കേസുകള്‍ അന്വേഷിക്കുന്നതിനിടെയാണ് വിവാഹവും ഫോട്ടോയും ഫേസ്ബുക്കിലും പ്രചരിച്ചത്. പണ്ട് വീടുവിട്ട യുവതിയുടെ അതേ ഛായയുള്ളയാളുടെ ലൈക്കില്‍ സംശയം തോന്നിയ ബന്ധുക്കള്‍ വിവരം കേസ് അന്വേഷിക്കുന്ന പോലീസിന് കൈമാറി.

പോലീസ് സൈബര്‍ സെല്‍ അന്വേഷണത്തില്‍ ഫോണ്‍ നമ്പര്‍ കിട്ടി. ഈ നമ്പര്‍ പോലീസ് നിരീക്ഷണ വലയത്തിലാക്കി. തിരുവനന്തപുരത്തുള്ള ചില ബന്ധുക്കളെ വിളിക്കാറുണ്ടെന്നു മനസിലാക്കി. പിന്നീട് ലൊക്കേഷന്‍ നോക്കിയപ്പോള്‍ കൊടൈക്കനാല്‍ എന്നു കണ്ടു. അങ്ങനെയാണ് പോലീസ് അന്വേഷണം കൊടൈക്കനാലിലേക്ക് നീട്ടിയത്. കൊടൈക്കനാലില്‍ പോലീസ് സംഘം എത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. യുവതി സ്ഥിരം വിളിക്കുന്ന നമ്പരുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റോയിയുടെ നമ്പര്‍ കിട്ടിയത്.

മലമ്പ്രദേശത്തുള്ള കോളനിയാണ് ലൊക്കേഷന്‍ കാണിച്ചത്. തുടര്‍ന്നാണ് അവിടെയത്തി റോയിയെ പിടികൂടിയത്. റോയി ഒളിവില്‍ പോകുമ്പോള്‍ രണ്ടു യുവതികളെയും കൂടെ കൂട്ടിയിരുന്നു. ഇതില്‍ ഒരാള്‍ കൊടൈക്കനാലില്‍ വച്ച് ഒരു തമിഴനൊപ്പം ഒളിച്ചോടിയെന്ന് പോലീസ് പറഞ്ഞു. രണ്ടു യുവതികളെയും രണ്ടുതവണയായാണ് കൊണ്ടുപോയത്. അതിനാല്‍ യുവതികള്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. ആദ്യം റോയി മദ്രാസിലേക്കാണ് പോയത്.

പിന്നീട് കൊടൈക്കനാലിലേക്ക് പോയപ്പോഴാണ് രണ്ടാമത്തെ യുവതിയെ കൂട്ടിയത്. രണ്ടുപേരെയും കൊടൈക്കനാലില്‍ രണ്ടിടത്താണ് താമസിപ്പിച്ചത്. കൊടൈക്കനാലില്‍ ഗൈഡ് ജോലി ചെയ്തുവന്ന റോയി അപകടം മണത്ത് പിന്‍മാറുകയായിരുന്നു. തൃക്കൊടിത്താനം സ്വദേശി ലാലനെ കൊന്ന കേസിലെ പ്രതിയാണ് റോയി. ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.