റോയല്‍ മെയിലിന് 50 മില്യന്‍ പൗണ്ട് പിഴയിട്ട് ഓഫ്‌കോം. കോംപറ്റീഷന്‍ ലോയില്‍ ഗുരുതരമായ ലംഘനം നടത്തിയതിനാണ് പിഴയീടാക്കുന്നത്. സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിസിലിനു മേല്‍ ഒരു മേല്‍ക്കോയ്മാ മനോഭാവമാണ് റോയല്‍ മെയില്‍ പുലര്‍ത്തുന്നതെന്ന് ഓഫ്‌കോം വിലയിരുത്തുന്നു. വിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെഗുലേറ്റര്‍ അന്വേഷണം നടത്തിയത്. റോയല്‍ മെയിലിന്റെ ഹോള്‍സെയില്‍ കസ്റ്റമറാണ് വിസില്‍. 2014ല്‍ ഹോള്‍സെയില്‍ കസ്റ്റമേഴ്‌സ് കോണ്‍ട്രാക്ടില്‍ വരുത്തിയ മാറ്റങ്ങളേക്കുറിച്ചാണ് വിസില്‍ പരാതി നല്‍കിയത്. നിരക്കുവര്‍ദ്ധനയുള്‍പ്പെടെയുള്ള കാര്യങ്ങൡലായിരുന്നു പരാതി.

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ തപാല്‍ സേവനം നല്‍കുന്ന ഹോള്‍സെയില്‍ കസ്റ്റമര്‍മാര്‍ മറ്റിടങ്ങളില്‍ റോയല്‍ മെയില്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനായി നല്‍കുന്ന നിരക്കുകൡലാണ് വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. നിരക്കുവര്‍ദ്ധനയുടെ അടിസ്ഥാനത്തില്‍ പുതിയ പ്രദേശങ്ങൡലേക്ക് സേവനം ദീര്‍ഘിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് വിസില്‍ പിന്മാറിയിരുന്നു. ബള്‍ക്ക് മെയില്‍ ഡെലിവറിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന വിസില്‍ പോലെയുള്ള കസ്റ്റമര്‍മാര്‍ക്കെതിരെ വിവേചനപൂര്‍വമാണ് റോയല്‍ മെയില്‍ പെരുമാറുന്നതെന്ന് ഓഫ്‌കോം അന്വേഷണത്തില്‍ വ്യക്തമായി. ഇതിലൂടെ നിയമലംഘനമാണ് റോയല്‍ മെയില്‍ നടത്തിയിരിക്കുന്നതെന്ന് ഓഫ്‌കോം കോംപറ്റീഷന്‍ ഡയറക്ടര്‍ ജോനാഥന്‍ ഓക്സ്ലി പറഞ്ഞു.

ഈ നിലപാട് അംഗീകരിക്കാനാകില്ല. കമ്പനികള്‍ തമ്മിലുണ്ടാകുന്ന ആരോഗ്യകരമായ മത്സരത്തിലൂടെ ലഭിക്കാമായിരുന്ന ഗുണഫലങ്ങള്‍ ഇതിലൂടെ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനികള്‍ നിയമത്തിന് അനുസൃതമായാണ് പ്രവര്‍ത്തിക്കേണ്ടത്. കോംപറ്റീഷന്‍ ആക്ടിന്റെ സെക്ഷന്‍ 18ഉം ട്രീറ്റി ഫോര്‍ ദി ഫങ്ഷനിംഗ് ഓഫ് ദി യൂറോപ്യന്‍ യൂണിയന്‍ ആര്‍ട്ടിക്കിള്‍ 102 ഉം റോയല്‍ മെയില്‍ ലംഘിച്ചതായും റെഗുലേറ്റര്‍ കണ്ടെത്തിയിട്ടുണ്ട്.