ജോജി തോമസ്
കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം കഴിഞ്ഞ ദിവസം നടപ്പിലായ റബ്ബര്‍ ഇറക്കുമതി നിരോധനം രാഷ്ട്രീയ വ്യവസായ ഭരണ നേതൃത്വങ്ങള്‍ നടത്തുന്ന കര്‍ഷക വഞ്ചനയുടെ മറ്റൊരു പതിപ്പാണെന്ന് മലയാളം യു കെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ജനുവരി 21 മുതല്‍ മാര്‍ച്ച് 31 വരെയുള്ള 68 ദിവസത്തേയ്ക്കാണ് നിരോധനം നിലവിലുള്ളത്. രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ ചില മാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്ന പ്രചരണങ്ങള്‍ കണ്ടാല്‍ സ്വാഭാവീക റബ്ബറിന്റെ ഇറക്കുമതി പൂര്‍ണ്ണമായും നിരോധിച്ചു എന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെടുക. രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ ഈ തീരുമാനത്തില്‍ മറച്ചു വെയ്ക്കുന്ന വലിയൊരു കപടതയുണ്ട്.

കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചത് സ്വാഭാവീക റബ്ബറിന്റെ ഡ്യൂട്ടിഫ്രീ ഇറക്കുമതി നിരോധനം മാത്രമാണ്. ഈ തീരുമാനം നിലവില്‍ റബ്ബര്‍ വിപണിയില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ യാതൊരു സാധ്യതയും ഇല്ല. കാരണം ഇത്തരത്തില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന റബ്ബര്‍ മൊത്തം ഇറക്കുമതിയുടെ പത്തു ശതമാനം പോലും വരില്ല. വന്‍കിട വ്യവസായികള്‍ എല്ലാം റബ്ബര്‍ ഇറക്കുമതി ചെയ്യുന്നത് നികുതി അടച്ചുതന്നെയാണ്.

rubber1

ഇന്ത്യയുടെ 2015 ഡിസംബറിലെ സ്വാഭാവീക റബ്ബറിന്റെ ഇറക്കുമതി ഏതാണ്ട് 37000 ടണ്ണിന് മുകളിലാണ്. മന്‍വര്‍ഷത്തെ അപേക്ഷിച്ച് 8% കൂടുതലാണിത്. 2014 2015 സാമ്പത്തീക വര്‍ഷത്തിലെ മൊത്തം സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി 442130 മെട്രിക് ടണ്ണും കയറ്റുമതി 1002 മെട്രിക് ടണ്ണുമാണ്.

കയറ്റുമതി പ്രോത്സാഹിപ്പിക്കുവാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ നയപ്രകാരം കയറ്റുമതി ചെയ്യുന്നതിന്റെ ആനുപാതീകമായ റബ്ബര്‍, നികുതി കൂടാതെ ഇറക്കുമതി ചെയ്യുന്നതിനുള്ള അഡ്വാന്‍സ് ഓതറൈസേഷന്‍ നല്കാറുണ്ട്. ഈ സ്‌കീമില്‍പ്പെടുത്തി ഇറക്കുമതി ചെയ്യുന്ന സ്വാഭാവീക റബ്ബറിനു മാത്രമേ നിരോധനം നിലവിലുള്ളൂ. കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനത്തിലും പല വൈരുധ്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്.

rubber3

 

മുന്‍കൂട്ടി യാതൊരു നോട്ടീസുമില്ലാതെ പൊടുന്നനെ എടുത്ത ഈ തീരുമാനം നടപ്പിലാക്കാന്‍ പല വൈഷമ്യങ്ങളുമുണ്ട്. കാരണം നിരോധനം നിലവില്‍ വന്നത് ജനുവരി 21 മുതല്‍ വെറും 68 ദിവസത്തേയ്ക്കാണ്. ഈ കാലയളവില്‍ ഇറക്കുമതി കരാറായിരിക്കുന്നതും, കാര്‍ഗോയിലൂടെ ഇന്ത്യന്‍ തുറമുഖങ്ങളെ ലക്ഷ്യമാക്കി വന്നുകൊണ്ടിരിക്കുന്നതുമായ ആയിരക്കണക്കിനു ടണ്‍ നികുതി രഹിത ഇറക്കുമതി റബ്ബര്‍ എന്തു ചെയ്യുമെന്ന് ഗവണ്‍മെന്റ് പറഞ്ഞേ മതിയാകൂ.

ഗവണ്‍മെന്റിന്റെ ഈ തീരുമാനത്തില്‍ സത്യസന്ധത ഉണ്ടായിരുന്നു എങ്കില്‍ നികുതി രഹിത റബ്ബര്‍ ഇറക്കുമതി ചെയ്യുന്ന വ്യവസായികള്‍ക്ക് തങ്ങളുടെ, വിദേശത്തുള്ള വ്യാപാര പങ്കാളികളുമായി മുന്‍കരുതലുകള്‍ എടുക്കുവാന്‍ ആവശ്യമായ സമയം നല്കിയുള്ള ഒരു നിരോധനം ആയിരുന്നു വേണ്ടത്.

Rubber-History-Intro

കേന്ദ്ര ഗവണ്‍മെന്റ് നേരത്തേ സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി ചെന്നൈ, മുബൈ തുറമുഖങ്ങള്‍വഴി മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. രാജ്യത്തെ സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി നടക്കുന്നത് മുഴുവന്‍ ഈ തുറമുഖം വഴി ആയതിനാല്‍ അതും കര്‍ഷകന്റെ കണ്ണില്‍ പൊടിയിടാനുള്ള മറ്റൊരു തട്ടിപ്പുമാത്രമാണ്.

സിന്തറ്റിക് റബ്ബറിന്റെ രാജ്യത്തെ പ്രമുഖ ഉല്പാദകരായ റിലയന്‍സിന്റെ രണ്ട് വന്‍കിട ഫാക്ടറികള്‍ രാജ്യത്ത് പ്രവര്‍ത്തനസജ്ജമായിക്കൊണ്ടിരിക്കുകയാണ്. ഈ ഫാക്ടറികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സിന്തറ്റിക് റബ്ബറിന്റെ ഉല്പാദനം കുതിച്ചുയരും. അതോടെ സ്വാഭാവീക റബ്ബറിന്റെ വിലതകര്‍ച്ച പൂര്‍ണ്ണമാവുകയും ചെയ്യും.

റബ്ബര്‍ കൃഷി ആദായകരമല്ലാതായിത്തീരുന്നതോടുകൂടി റബ്ബര്‍ കര്‍ഷകര്‍ മറ്റ് ഉപജീവന മാര്‍ഗ്ഗങ്ങള്‍ തേടിപ്പോവുകയും, സ്വാഭാവീക റബ്ബറിന്റെ ഉദ്പാദനത്തില്‍ വന്‍കുറവ് സംഭവിക്കുകയും ചെയ്യും. ഇത് സിന്തറ്റിക് റബ്ബറിന്റെ ഉദ്പാദകരായ കോപ്പറേറ്റ്കള്‍ക്ക് അനുകൂല സാഹചര്യമൊരുക്കും.

Jose-K-Mani

സിന്തറ്റിക് റബ്ബറിന്റെ രാജ്യത്തെ പ്രമുഖരായ ഇറക്കുമതിക്കാരില്‍ ഒന്ന് ഇപ്പോള്‍ കര്‍ഷക പ്രേമം പറഞ്ഞ് നിരാഹാരം കിടന്ന ജോസ് കെ മാണിക്ക് ബിസിനസ്സ് താല്പര്യമുള്ള സ്ഥാപനങ്ങളില്‍ ഒന്നാണെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഒരു പക്ഷേ കോപ്പറേറ്റുകളെ സഹായിക്കാന്‍ വെമ്പി നില്‍ക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് കര്‍ഷക സ്‌നേഹം നടിച്ച് ഭാവിയില്‍ സിന്തറ്റിക് റബറിന്റെ ഇറക്കുമതി നിരോധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അത് രാജ്യത്തെ സിന്തറ്റിക് റബ്ബറിന്റെ പ്രമുഖ ഉദ്പാദകരായ റിലയന്‍സിനു വേണ്ടി മാത്രമായിരിക്കും. ഇതു വഴി റിലയന്‍സിന് സിന്തറ്റിക് റബ്ബറിന്റെ വ്യാപാരത്തിലുള്ള കുത്തകയും ലഭ്യമാകും.

പെട്രോള്‍ വിലയുടെ കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് റിലയന്‍സിനു വേണ്ടി നടത്തുന്ന കള്ളക്കളികള്‍ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. എന്തായാലും റബ്ബര്‍ കര്‍ഷകന്റെയും, സമ്പത് വ്യവസ്ഥയില്‍ റബ്ബറിന് പ്രമുഖ സ്ഥാനമുള്ള കേരളത്തിന്റെയും ഭാവി അത്ര ശോഭനമായിരിക്കില്ല എന്ന സൂചനകളാണ് ലഭിക്കുന്നത്. ഇറക്കുമതി നിരോധനത്തിലെ ചതിയിലും നിരാഹാരത്തിലെ വഞ്ചനക്കിടയിലും കുടുങ്ങുന്നത് കേരളത്തിലെ റബ്ബര്‍ കര്‍ഷകരാണ് എന്നതില്‍ യാതൊരു സംശയവുമില്ല.