ബ്രിട്ടനിലെ നിര്‍മ്മാണ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്. ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ ബില്‍ഡേഴ്‌സിന്റെ 8,000ത്തോളം അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അംസ്‌കൃത വസ്തുക്കള്‍ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. 2015ല്‍ ഉണ്ടായ സമാന പ്രതിസന്ധിയേക്കാള്‍ രൂക്ഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് മേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നു. പ്രതിസന്ധി പല സ്ഥലങ്ങളിലെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റൂഫ് ടൈല്‍സ്, വിന്‍ഡോസ്, പ്ലാസ്റ്റര്‍ ബോര്‍ഡ്. തടി എന്നിവയാണ് പ്രധാനമായും ലഭ്യമല്ലാത്തത്. ഇത്തരം അസംസ്‌കൃത വസ്തുക്കള്‍ക്കായി 8 മാസം വരെ കാത്തിരിക്കേണ്ടി വരുന്നതായി കെട്ടിട നിര്‍മ്മാതാക്കള്‍ പറയുന്നു. സമീപ കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയാണ് മേഖലയെ ബാധിച്ചിരിക്കുന്നത്. കട്ടകളില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാവില്ല. കട്ട നിര്‍മ്മാണ കമ്പനികളുടെ പ്രൊഡക്ഷനിലുണ്ടാകുന്ന കാലതാമസമാണ് ഇവ ലഭ്യമല്ലാത്തതിന് കാരണമെന്ന് ലീഡ്‌സ് ബില്‍ഡര്‍ സാമുവല്‍ ടെയ്‌ലര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുതല്‍ നിര്‍മ്മാണ വസ്തുക്കളുടെ വില കുതിച്ചുയര്‍ന്നതായി എഫ്എംബി ഉടമസ്ഥന്‍ ബ്രയാന്‍ ബെറി പറയുന്നു.

കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വില ഉയരുന്നത് രാജ്യത്തെ നിര്‍മ്മാണ മേഖലയെ മാത്രമല്ല വീടുകള്‍ നിര്‍മ്മിക്കുന്ന പൗരന്മാരെയും പ്രതികൂലമായി ബാധിക്കുമെന്ന് ബെറി വ്യക്തമാക്കുന്നു. പകുതിയിലേറെ വരുന്ന നിര്‍മ്മാതാക്കളും വില വര്‍ദ്ധനവിന്റെ ബാധ്യത ഉപഭോക്താക്കളുടെ തലയിലേക്ക് വെച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. പ്രതിസന്ധി തുടര്‍ന്നാല്‍ കെട്ടിട നിര്‍മ്മാണ പ്രോജക്ടുകളും വിലയിലും ഗണ്യമായ വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറയുന്നു. മെറ്റീരിയല്‍ വിലയിലുണ്ടാകുന്ന വര്‍ദ്ധനവിന് അനുസരിച്ച് ഉപഭോക്താവിന്റെ പോക്കറ്റ് കാലിയാകുമെന്നത് തീര്‍ച്ചയാണ്.