ദമാസ്‌കസ്: പിടികൂടിയ വനിതാ സന്നദ്ധ പ്രവര്‍ത്തകയുടെ ഫേസ് ബുക്ക് അക്കൗണ്ട് ഐസിസ് അവരെ വധിച്ച ശേഷം മൂന്നു മാസത്തോളം ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. തങ്ങളുടെ മറ്റ് എതിരാളികളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് റുക്കിയ ഹസന്‍ എന്ന സിറ്റിസണ്‍ ജേര്‍ണലിസ്റ്റിന്റെ ഫേസ്ബുക്ക് അക്കൗണ്ട് തീവ്രവാദികള്‍ ഉപയോഗിച്ചത്. സിറിയയിലെ പ്രമുഖ ഐസിസ് വിരുദ്ധ സംഘടനയിലെ ഒരംഗമാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. റുക്കിയ ഹസന്‍ എന്ന ഐസിസിന്റെ ശക്തയായ ഈ എതിരാളിയെ മൂന്ന് മാസം മുമ്പ് ഐസിസ് പിടികൂടി വധിച്ചിരുന്നു. ഐസിസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നു എന്നതായിരുന്നു ഇവരുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം. എന്നാല്‍ തുടര്‍ന്നും ഐസിസ് ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് പോന്നു.
ഐസിസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ കൊല്ലപ്പെടുന്ന ഏറ്റവും ഒടുവിലത്തെ ഇരകളില്‍ ഒരാളാണ് റുക്കിയ. കഴിഞ്ഞ ദിവസവും അഞ്ച് പേരെ വധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഐസിസ് പുറത്ത് വിട്ടിരുന്നു. ഇവരെ വധിച്ച ശേഷം ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് തീവ്രവാദികള്‍ ഉപയോഗിച്ചതായി ഐസിസിനെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ആര്‍ബിഎസ്എസിലെ ഒരു സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് പറയുന്നു. മറ്റ് വിമര്‍ശകരെ കണ്ടെത്താനായിരുന്നു ഈ നടപടി. ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെട്ട് ഇവരുടെ സുഹൃത്തുക്കള്‍ക്ക് ഫേസ്ബുക്കിലൂടെ സന്ദേശങ്ങള്‍ അയക്കുന്നതായും അയാള്‍ പറയുന്നു. അവരുമായി ബന്ധപ്പെടുന്ന സുഹൃത്തുക്കളെ വലയിലാക്കുകയാണ് ഐസിസിന്റെ ഉദ്ദേശം.

ഞാന്‍ റഖയിലാണുളളത്. എന്റെ ജീവന് ഭീഷണിയുണ്ട്. ഐസിസ് പിടികൂടി എന്നെ കൊല്ലുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. അപമാനിക്കപ്പെട്ട് ജീവിക്കുന്നതിലും ഭേദം അതാണെന്ന് താന്‍ കരുതുന്നതായും റുക്കിയ തന്റെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അലെപോ സര്‍വകലാശാലയില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദമെടുത്ത ശേഷം ഇവര്‍ 2011 മുതല്‍ തുടങ്ങിയ സിറിയന്‍ പ്രസിഡന്റ് ബാഷല്‍ അല്‍ അസദിനെതിരെയുളള പ്രതിഷേധങ്ങളില്‍ പങ്കെടുത്തു. 2013ല്‍ മിതവാദികള്‍ റഖ പിടിച്ചെടുക്കും വരെ ഇവര്‍ ഇവിടെ തടുര്‍ന്നു. അതേ വര്‍ഷം തന്നെ നഗരം ഐസിസ് പിടിച്ചെടുക്കുകയും ചെയ്തു.