മോസ്‌കോ: സിറിയയില്‍ യു.എസ് സഖ്യസേനയുടെ വ്യോമക്രമണത്തില്‍ വിമര്‍ശനവുമായി റഷ്യ. അമേരിക്കയുടെ നടപടി രാജ്യാന്തര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും അതിനു പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും റഷ്യ വ്യക്തമാക്കി. അമേരിക്കന്‍ നീക്കം രാജ്യാന്തര ബന്ധങ്ങളെ ഉലയ്്ക്കുന്നതാണ്. യു.എന്നിന്റെ അനുമതിയില്ലാതെ സഖ്യസേന ആക്രമണം നടത്തിയത് അംഗീകരിക്കാനാവില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ അടിയന്തര യോഗം ചേരണം. സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിത്. സിറിയയിലെ ജനതയുടെ ദുരിതം വര്‍ധിപ്പിക്കുന്നതാണ് അമേരിക്കയുടെ നടപടിയെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദീമീര്‍ പുടിന്‍ പറഞ്ഞൂ.

സിറിയയില്‍ സൈന്യം രാസായുധ പ്രയോഗം നടത്തിയെന്ന സംശയത്തിന്റെ പേരില്‍ യു.എസ് സഖ്യസേന നടത്തിയ ആക്രമണത്തിനെതിരെ യു.എസിലെ റഷ്യന്‍ അംബാസഡറും രംഗത്തെത്തി. വീണ്ടും ഭീഷണി നേരിടുകയാണെന്ന് അംബാസഡര്‍ അനാട്ടോലി അന്റൊനോവ് പറഞ്ഞു. ഇത്തരം ഭീഷണികള്‍ തിരിച്ചടികള്‍ ഇല്ലാതെ പോകില്ല. ഇതിന്റെയെല്ലാം ഉത്തരവാദിത്തം വാഷിംഗ്ടണിലും ലണ്ടനിലും പാരീസിലും നിക്ഷിപ്തമാണെന്നും അന്റൊനോവ് പറഞ്ഞു.

റഷ്യന്‍ പ്രസിഡന്റിനെ അപമാനിക്കുന്ന ഇത്തരം നടപടികള്‍ അംഗീകാരിക്കനോ അനുവദിച്ചുകൊടുക്കാനോ കഴിയില്ലെന്നും റഷ്യന്‍ പ്രതിനിധി പറഞ്ഞു. സിറിയയിലെ ആസാദ് ഭരണകൂടത്തിനെതിരായ നടപടിക്ക് റഷ്യയുടെ സഹായം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അംബാസഡറുടെ ഈ പ്രതികരണം.