അതിശൈത്യത്തെ തുടര്‍ന്ന് ഗ്യാസ് ക്ഷാമം ഉണ്ടായിരിക്കുന്ന ബ്രിട്ടന് സഹായഹസ്തവുമായി റഷ്യ. ഗ്യാസ് ഷോര്‍ട്ടേജ് പരിഹരിക്കുന്നതിനായി റഷ്യന്‍ ഗ്യാസ് ടാങ്കറുകള്‍ ചൊവ്വാഴ്ച രാജ്യത്തെത്തും. സൈബീരിയയിലെ യമല്‍ എനര്‍ജി പ്‌ളാന്റില്‍ നിന്നും ഗ്യാസ് ബ്രിട്ടനിലെത്തിക്കുമെന്ന് റഷ്യയുടെ എല്‍എന്‍ജി കാര്‍ഗോ കമ്പനി അറിയിച്ചിട്ടുണ്ട്. എമ്മ ശീതക്കാറ്റും ബീസ്റ്റ് ഫ്രം ഈസ്റ്റ് എന്ന പ്രതിഭാസവുമാണ് കഴിഞ്ഞ ആഴ്ച്ചകളില്‍ ബ്രിട്ടണില്‍ അതിശൈത്യം തുടരാന്‍ കാരണം. കഴിഞ്ഞ ആഴ്ച്ചകളില്‍ ബ്രിട്ടന്റെ ശരാശരി ഗ്യാസ് ഉപഭോഗം ഗണ്യമായി വര്‍ദ്ധിച്ചിരുന്നു ഇതാണ് ക്ഷാമത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാവസായിക ആവശ്യത്തിനായി ഉപയോഗിക്കുന്ന ഗ്യാസിന്റെ അളവ് വര്‍ദ്ധിച്ചതും പ്രതികൂല കാലാവസ്ഥയും ഗ്യാസ് വിതരണത്തെ ബാധിച്ചിരുന്നു. റഷ്യയുടെ സഹായം ക്ഷാമം പരിഹരിക്കാന്‍ ഉപകരിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചനകള്‍.

പുതിയ നീക്കം വിവാദങ്ങള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഗ്യാസിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ബ്രിട്ടന്റെ ദുരവസ്ഥയാണ് ഇതോടെ വെളിച്ചത്ത് വന്നിരിക്കുന്നത്. ഗ്യാസ് വിലയില്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ 400 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബീസ്റ്റ് ഫ്രം ഈസ്റ്റ് എന്ന ശീതക്കാറ്റ് രാജ്യത്ത് എത്തിയതിനു ശേഷമാണ് ഇത്തരമൊരു അവസ്ഥയുണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കാലാവസ്ഥയിലുണ്ടായിരിക്കുന്ന ഈ മാറ്റം രാജ്യത്തെ മുഴുവന്‍ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. റോഡുകളിലൂടെയുള്ള സഞ്ചാരം അതീവ ദുര്‍ഘടമായി തുടരുകയാണ്. പല മോട്ടോര്‍വേയിലും നീണ്ട ട്രാഫിക്ക് ബ്‌ളോക്കുകള്‍ കാണാം. കൂടാതെ റെയില്‍ വിമാന ഗതാഗത്തെയും കാലാവസ്ഥ വ്യതിയാനം സാരമായി ബാധിച്ചിട്ടുണ്ട്. പല റെയില്‍-വിമാന സര്‍വീസുകളും റദ്ദ് ചെയ്തിരിക്കുകയാണ്.

ഗ്യാസ് വിതരണം നിലയ്ക്കുമെന്ന ഭയമൂലം നാഷണല്‍ ഗ്രിഡ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഗ്യാസ് ഡിഫിസിറ്റ് വാണിംഗ് എന്നാണ് അധികൃതര്‍ മുന്നറിയിപ്പിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഏതാണ്ട് 50 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ ഗ്യാസിന്റെ ഷോര്‍ട്ടേജ് ഉണ്ടാവാനാണ് സാധ്യതയെന്ന് നാഷണല്‍ ഗ്രിഡ് നിരീക്ഷകര്‍ പറയുന്നു. പ്രതികൂല കാലവസ്ഥ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ വീടുകളില്‍ ഉപയോഗിക്കുന്ന ഗ്യാസിന്റെ അളവില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൂടുതല്‍ ഗ്യാസ് ഉത്പാദിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഗ്യാസ് വിതരണം ഏതു വിധേനയും തുടരന്‍ തന്നെയാണ് ശ്രമിക്കുന്നതെന്നും ക്ഷാമം ഗാര്‍ഹിക ഉപഭോക്താക്കളെ ബാധിക്കാത്ത വിധത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും നാഷണല്‍ ഗ്രിഡ് പ്രതിനിധി പ്രസ്താവനയില്‍ പറഞ്ഞു.