നെര്‍വ് ഏജന്റ് ഉപയോഗിച്ച് സാലിസ്‌ബെറിയില്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. നെര്‍വ് ഏജന്റ് ആക്രമണം നടന്ന സ്ഥലത്തുണ്ടായിരുന്ന നൂറ് കണക്കിന് ആളുകള്‍ക്ക് രാസായുധ പ്രയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ചിലപ്പോള്‍ ഇതിന്റെ അനന്തര ഫലങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുക. നെര്‍വ് ഏജന്റ് നോവിചോക് നിര്‍മ്മിച്ച റഷ്യയുടെ ടെക്‌നിക്കല്‍ കൗണ്ടര്‍-ഇന്റലിജന്‍സ് ഡിപാര്‍ട്ട്‌മെന്റിന് കീഴില്‍ കെമിക്കല്‍ വെപ്പണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. വില്‍ മിര്‍സായനോവാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കെമിക്കല്‍ വെപ്പണുകളുടെ നിര്‍മ്മാണം മനുഷ്യരാശിക്ക് തന്നെ വിപത്താണെന്ന് മനസ്സിലാക്കിയ ഡോ. വില്‍ മിര്‍സായനോവ് കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് താമസം മാറ്റിയ വ്യക്തിയാണ്. നിലവില്‍ രാസയുധങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രചരണങ്ങളില്‍ സജീവ സാന്നിധ്യമാണ് അദ്ദേഹം.

നെര്‍വ് ഗ്യാസിനേക്കാള്‍ 10 ഇരട്ടി അപകടകാരിയായ നെര്‍വ് ഏജന്റാണ് സാലിസ്‌ബെറിയില്‍ പ്രയോഗിച്ചിരിക്കുന്നത്. ഇത് പരിഹരിക്കാന്‍ കഴിയാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ മനുഷ്യ ശരീരത്തിലുണ്ടാക്കുമെന്നും മിര്‍സായനോവ് സാക്ഷ്യപ്പെടുത്തുന്നു. സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായിരിക്കുന്ന തരത്തിലുള്ള വലിയ ഡോസിലുള്ള നെര്‍വ് ഏജന്റ് പ്രയോഗം അതീവ അപകടം പിടിച്ചതാണ്. ഇരുവര്‍ക്കും ഇനിയുള്ള ജീവിതകാലം മുഴുവന്‍ ഡോക്ടര്‍മാരുടെ സേവനം അത്യാവിശ്യമായിരിക്കും അദ്ദേഹം പറഞ്ഞു. റഷ്യയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ലാബിലുണ്ടായ ചെറിയൊരു അപകടത്തില്‍ സഹപ്രവര്‍ത്തകന്റെ ജീവന്‍ തന്നെ നഷ്ടമായിരുന്നതായി അദ്ദേഹം പറയുന്നു. ഇത്തരം രാസപ്രയോഗങ്ങള്‍ പരിഹാരമില്ലെന്നതാണ് വസ്തുതയെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു. ആക്രമണ നടക്കുന്ന സമയത്ത സമീപ പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന പൊതു ജനങ്ങള്‍ക്കും അണുബാധയുണ്ടായേക്കാം. വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും നെര്‍വ് ഏജന്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് മിര്‍സായനോവ് പറയുന്നു.

കടുത്ത തലവേദന, ചിന്താശേഷി കുറവ്, ചലന വൈകല്യങ്ങള്‍ തുടങ്ങി നെര്‍വ് ഏജന്റ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്. ആക്രമണം ബാധിച്ചുവെന്ന് കരുതുന്നവര്‍ എത്രയും പെട്ടന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും സ്ഥിരമായി തങ്ങളുടെ ആരോഗ്യ നിരീക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വസ്ത്രങ്ങള്‍ കഴുകിയതുകൊണ്ടോ മറ്റു രീതികള്‍ ഉപയോഗിച്ച് വൃത്തിയാക്കിയതുകൊണ്ടോ രാസയുധത്തിന്റെ സാന്നിധ്യത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ഇഗ്ലണ്ടിലെ ആരോഗ്യ രംഗത്തിന് നിര്‍ദേശം നല്‍കണമെന്നും മിര്‍സായനോവ് കൂട്ടിച്ചേര്‍ത്തു. ആക്രമണം നടക്കുന്നതിന് തൊട്ടുമുന്‍പ് കാര്‍ പാര്‍ക്ക് ചെയ്യുന്ന സമയത്ത് സെര്‍ജി സ്‌ക്രിപാല്‍ ഉപയോഗിച്ച ടിക്കറ്റ് മെഷീന്‍ കുറച്ച് സമയത്തിനു ശേഷമാണ് പ്രോട്ടക്ടീവ് കവര്‍ ഉപയോഗിച്ച് മറച്ചത്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കഴിഞ്ഞ ദിവസങ്ങള്‍ മുഴുവന്‍ പ്രദേശം സംരക്ഷിത ആവരണങ്ങള്‍ കൊണ്ട് മൂടിയിരിക്കുകയാണ്. അതീവ വെല്ലുവിളി നിറഞ്ഞതാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണമെന്ന് മെട്രോപൊളിറ്റന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ നെയില്‍ ബസു പറഞ്ഞു.