ബ്രിട്ടന് തിരിച്ചറിയാനാകാത്ത വിധത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുകൊണ്ട് കൊലപാതകങ്ങള്‍ നടത്താന്‍ റഷ്യ പദ്ധതിയിടുന്നതായി വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ബ്രിട്ടീഷ് ചാരനായിരുന്ന സെര്‍ജി സ്‌ക്രിപാലും മകളും സാലിസ്‌ബെറിയില്‍ നെര്‍വ് ഏജന്റ് ആക്രമണത്തിന് ഇരയായ സംഭവത്തോടെ ബ്രിട്ടനും റഷ്യക്കുമിടയില്‍ ശീതയുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ്. യുദ്ധസമാന സാഹചര്യമാണ് ഇപ്പോള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത്. സെര്‍ജി സ്‌ക്രിപാലിനെയും മകളെയും ആക്രമിച്ചത് റഷ്യയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ആരോപിക്കുന്നു. സംഭവത്തെ തുടര്‍ന്ന് റഷ്യന്‍ ഡിപ്ലോമാറ്റുകളെ ബ്രിട്ടന്‍ പുറത്താക്കിയിരുന്നു. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റായ നോവിചോക്ക് ഉപയോഗിച്ചാണ് സ്‌ക്രിപാല്‍ ആക്രമിക്കപ്പെട്ടിരുന്നത്. റഷ്യന്‍ ഉദ്യോഗസ്ഥനായിരുന്ന സ്‌ക്രിപാല്‍ എംഐ6 നു വേണ്ടി ചാരവൃത്തി നടത്തിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബ്രിട്ടന്‍ വിശ്വസിക്കുന്നത്.

സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായതിന് സമാനമായ ആക്രമണങ്ങള്‍ നടത്താന്‍ റഷ്യ പദ്ധതിയിടുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭക്ഷണ വിതരണ ശൃഖലയെ കണക്ട് ചെയ്യുന്ന ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടാക്കാമെന്ന് കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍ ജെറമി സ്‌ട്രോബ് പറയുന്നു. ഭക്ഷണ പദാര്‍ഥങ്ങളില്‍ രാസവസ്തുക്കള്‍ പ്രയോഗിച്ചുകൊണ്ടുള്ള ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനെ വകവരുത്തുന്നതിനായി റോബോട്ടുകളെ റഷ്യ ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ഡെയിലി സ്റ്റാറിന് നല്‍കി അഭിമുഖത്തില്‍ സ്‌ട്രോബ് പറയുന്നു. നമുക്ക് തിരിച്ചറിയാനാകാത്ത മാര്‍ഗങ്ങളിലൂടെയായിരിക്കും ആക്രമണങ്ങള്‍ ഉണ്ടാകുക. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയോ ശരീരത്തിന് അലര്‍ജിയുണ്ടാക്കുന്ന പദാര്‍ഥങ്ങള്‍ നല്‍കിയോ ആക്രമണങ്ങള്‍ ഉണ്ടായേക്കാം.

അച്ചാര്‍ അലര്‍ജിയുള്ള ഒരാള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ അച്ചാര്‍ കലര്‍ത്തി നല്‍കുക തുടങ്ങിയ സൂക്ഷ്മ തലത്തിലുള്ളആക്രമണങ്ങളായിരിക്കും ഉണ്ടാകാനിടയുള്ളത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിനു ശേഷം നിങ്ങളുടെ ശരീരത്തിന് അലര്‍ജിയോ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാക്കുന്ന വസ്തുക്കള്‍ ഇത്തരത്തില്‍ ചേര്‍ക്കപ്പെട്ടേക്കാമെന്നും സ്‌ട്രോബ് പറയുന്നു. എഐ ആക്രമണങ്ങളെക്കുറിച്ച് റഷ്യ നിരന്തരം സംസാരിക്കാറുണ്ട്. പുടിന്‍ തന്നെ നേരിട്ട് ഇതിനെ അനുകൂലിച്ച് രംഗത്ത് വന്നതായും സ്‌ട്രോബ് കൂട്ടിച്ചേര്‍ത്തു. പുതിയ സാഹചര്യത്തില്‍ റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പ് ബഹ്ഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ചില എംപിമാര്‍ രംഗത്ത് വന്നു. അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ സാലിസ്‌ബെറി ആക്രമണത്തിനെ അപലപിച്ചു. റഷ്യയുടെ നിലപാടിന് ലോക രാജ്യങ്ങളില്‍ നിന്ന് വലിയ വിമര്‍ശനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.