സാലിസ്ബറി ആക്രമണത്തിനു ശേഷമുണ്ടായ പ്രത്യേക സാഹചര്യങ്ങളില്‍ ബ്രിട്ടന് മുന്നറിയിപ്പ് നല്‍കി റഷ്യ. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലാണ് റഷ്യന്‍ അംബാസഡര്‍ വാസിലി നെബെന്‍സ്യ ബ്രിട്ടീഷ് ഉദ്യോഗസ്ഥരോട് താക്കീതിന്റെ സ്വരത്തില്‍ സംസാരിച്ചത്. ബ്രിട്ടന്‍ തീകൊണ്ട് കളിക്കുകയാണെന്നും അതില്‍ ദുഃഖിക്കേണ്ടി വരുമെന്നും റഷ്യന്‍ പ്രതിനിധി പറഞ്ഞു. സാലിസ്ബറിയില്‍ വെച്ച് റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും നേരെയുണ്ടായ നെര്‍വ് ഏജന്റ് ആക്രമണത്തിനു പിന്നില്‍ റഷ്യയാകാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞിരുന്നു. ഇതിനു ശേഷം യുകെയും പാശ്ചാത്യരാജ്യങ്ങളും ചേര്‍ന്ന് 150ലേറെ റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തു.

അതേ നാണയത്തില്‍ത്തന്നെ തിരിച്ചടിക്കുമെന്നാണ് റഷ്യ പ്രതികരിച്ചത്. തെരേസ മേയുടെ ആരോപണം ഭീകരവും കഴമ്പില്ലാത്തതുമാണെന്നും വാസിലി നെബെന്‍സ്യ പറഞ്ഞു. ഇതിലും മികച്ച ഒരു നുണക്കഥയുമായി വന്നുകൂടായിരുന്നോ എന്ന പരിഹാസവും അദ്ദേഹം ഉന്നയിച്ചു. വിഷയത്തില്‍ ബ്രിട്ടന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും നെബെന്‍സ്യ സെക്യൂരിറ്റി കൗണ്‍സിലില്‍ വ്യക്തമാക്കി. ബ്രിട്ടന്റെ ആവശ്യപ്രകാരം വാച്ച്‌ഡോഗ് ഗ്രൂപ്പായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് (ഒപിസിഡബ്ല്യു) രാസായുധ പ്രയോഗത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സെക്യൂരിറ്റി കൗണ്‍സില്‍ യോഗം വിളിക്കാന്‍ റഷ്യ മുന്‍കയ്യെടുത്തത്.

റഷ്യന്‍ സൈന്യം ഉപയോഗിച്ചിരുന്ന നോവിചോക്ക് എന്ന നെര്‍വ് ഏജന്റായിരുന്നു സ്‌ക്രിപാലിനും മകള്‍ക്കും നേരെ ഉപയോഗിച്ചത്. 1990കളില്‍ സോവിയറ്റ് യൂണിയനാണ് ഇത് വികസിപ്പിച്ചത്. എന്നാല്‍ നോവിചോക്ക് മറ്റ് നിരവധി രാജ്യങ്ങളില്‍ നിര്‍മിക്കുന്നുണ്ടെന്ന് നെബെന്‍സ്യ പറഞ്ഞു. റഷ്യന്‍ പേരാണ് ഈ വസ്തുവിന് ഉള്ളതെന്ന് മാത്രം. റഷ്യയെ നിന്ദിക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമമാണ് ബ്രിട്ടന്‍ നടത്തുന്നതെന്നും റഷ്യന്‍ പ്രതിനിധി കുറ്റപ്പെടുത്തി. കെമിക്കല്‍ ആക്രമണത്തില്‍ സംയുക്ത അന്വേഷണമാണ് വേണ്ടതെന്നും തങ്ങളെ പങ്കെടുപ്പിച്ചില്ലെങ്കില്‍ അന്വേഷണഫലം അംഗീകരിക്കില്ലെന്നും റഷ്യ വ്യക്തമാക്കി.