റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ കാണാനെത്തുന്ന ഇംഗ്ലണ്ട് ആരാധകര്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്. റഷ്യ, അര്‍ജന്റീന ഹൂളിഗനുകള്‍ ഇതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനായി ഓണ്‍ലൈന്‍ കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടന്നിട്ടുണ്ടെന്നും വെബ് ഫുട്‌ബോള്‍ ഫോറങ്ങള്‍ വെളിപ്പെടുത്തുന്നു. റഷ്യയും ബ്രിട്ടനുമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വേള്‍ഡ് കപ്പിനെത്തുന്ന ബ്രിട്ടീഷുകാരുടെ എണ്ണം വളരെ കുറവായിരിക്കുമെന്നാണ് കരുതുന്നത്. റഷ്യന്‍ ഹൂളിഗനുകളും പോലീസും ഉള്‍പ്പെടെ ഇംഗ്ലണ്ട് ആരാധകരെ ആക്രമിക്കാനിടയുണ്ടെന്ന് വൈറ്റ്ഹാള്‍ വൃത്തങ്ങളും പറയുന്നു.

അര്‍ജന്റീനയിലെ ഹൂളിഗനുകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ റഷ്യന്‍ ഹൂളിഗനുകള്‍ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ എത്തിയിരുന്നതായും ചില കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു. ഫുട്‌ബോള്‍ കാണുന്നതിനായി ധൈര്യസമേതം എത്തുന്ന ബ്രിട്ടീഷുകാരെ ആക്രമിക്കുന്നതിന് പദ്ധതിയിടാനാണ് 8000 മൈല്‍ സഞ്ചരിച്ച് ഇവര്‍ അര്‍ജന്റീനയില്‍ എത്തിയതെന്നാണ് ആരോപണം. ഫ്രാന്‍സില്‍ 2016ല്‍ നടന്ന യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ റഷ്യന്‍ ആരാധകര്‍ ഇംഗ്ലണ്ട് ആരാധകരെ ആക്രമിച്ചിരുന്നു.

മാര്‍സെയിലില്‍ വച്ച് നടന്ന ആക്രമണത്തില്‍ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ആക്രമണത്തില്‍ തലച്ചോറിന് ക്ഷതമേറ്റ 51 കാരന്‍ ആന്‍ഡ്രൂ ബാഷ് അടുത്തിടെയാണ് കോമയില്‍ നിന്ന് ഉണര്‍ന്നത്. ഏതാണ്ട് 20,000 ഇംഗ്ലണ്ട് ആരാധകര്‍ റഷ്യയിലെത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും 10,000 പേര്‍ മാത്രമേ എത്താനിടയുള്ളുവെന്നാണ് അവസാന നിഗമനം. യുകെയില്‍ നിന്ന് 10000 വിസ അപേക്ഷകള്‍ മാത്രമേ ലഭിച്ചിട്ടുള്ളുവെന്നും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് പോലും കുറവാണെന്നും റഷ്യന്‍ നയതന്ത്ര വൃത്തങ്ങള്‍ പറയുന്നു.