പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് റഷ്യന്‍ ക്ലബ് ടോര്‍പിഡോ മോസ്‌കോ അവരുടെ കറുത്ത വര്‍ഗക്കാരനായ കളിക്കാരനെ ടീമില്‍ നിന്നും ഒഴിവാക്കി. റഷ്യന്‍ പൗരനും ആഫ്രിക്കയില്‍ വേരുകളുള്ള താരവുമായ ഇര്‍വിങ്ങ് ബൊടോകോ യൊബോമയെയാണ് ടോര്‍പിഡോ ക്ലബ് സ്വന്തമാക്കി ആറു ദിവസത്തിനുളളില്‍ തന്നെ ഒഴിവാക്കിയത്.

താരം ക്ലബിനു വേണ്ടി ഒരു മത്സരവും കളിക്കില്ലെന്ന് ക്ലബ് ഔദ്യോഗികമായി തന്നെ ആരാധകരെ അറിയിച്ചു. പത്തൊന്‍പതുകാരനായ താരം ലൊകോമോട്ടീവ് മോസ്‌കോയില്‍ നിന്നാണ് ഒരു വര്‍ഷത്തെ കരാറില്‍ ടോര്‍പെഡോ ക്ലബിലെത്തിയത്. എന്നാല്‍ താരം ടീമിലെത്തിയതു മുതല്‍ ആരാധകര്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്.

ഞങ്ങളുടെ കുടുംബത്തില്‍ ഞങ്ങളുടെ സമ്മതമില്ലാതെയും ഇവിടുത്തെ നിയമങ്ങള്‍ പാലിക്കാതെയും എന്തു ചെയ്താലും അതു സ്വീകാര്യമാകുമെന്നാണ് ക്ലബ് പ്രതീക്ഷിക്കുന്നതെങ്കില്‍ ഞങ്ങളുടെ അവകാശങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ അറിയാമെന്നും ഈ പോരാട്ടത്തില്‍ ആരു ജയിക്കുമെന്നു കാണാമെന്നുമാണ് ഒരു ആരാധകന്‍ റഷ്യന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ക്ലബിന്റെ ചിഹ്നങ്ങളില്‍ കറുപ്പുണ്ടെങ്കിലും വെളുത്ത വര്‍ഗക്കാരെ മാത്രമാണ് തങ്ങള്‍ക്കു വേണ്ടതെന്നായിരുന്നു മറ്റൊരു ആരാധകന്‍ കുറിച്ചത്. ഇതിനെല്ലാം പുറമേ തെരുവിലിറങ്ങി പരസ്യമായും ആരാധകര്‍ ക്ലബിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.

ഇതാദ്യമായല്ല കറുത്ത വര്‍ഗക്കാരായ കളിക്കാരെ സ്വന്തമാക്കുന്നതില്‍ റഷ്യന്‍ ക്ലബുകളുടെ ആരാധകര്‍ പ്രതിഷേധമുയര്‍ത്തുന്നത്. ബെല്‍ജിയത്തിന്റെ ലോകകപ്പ് താരമായ ആക്‌സല്‍ വിറ്റ്‌സല്‍, ബ്രസീലിയന്‍ താരം ഹള്‍ക് എന്നിവരെ സെനിത് പീറ്റേഴ്‌സ്ബര്‍ഗ് സ്വന്തമാക്കിയപ്പോള്‍ ആരാധകര്‍ ക്ലബിനെതിരെ പ്രതിഷേധമുയര്‍ത്തുകയും കറുത്ത വര്‍ഗക്കാരെ ഒഴിവാക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചരിത്രത്തിലാദ്യമായി ഒരു കറുത്ത വര്‍ഗക്കാരനെ റഷ്യന്‍ ലീഗില്‍ ഇറക്കിയ ക്ലബാണ് ടോര്‍പെഡോ മോസ്‌കോ. ആ ടീമിനൊപ്പം കരിയറാരംഭിച്ച താരത്തിനാണ് ഇപ്പോള്‍ വര്‍ണവെറിയന്മാരുടെ ആക്രമണം ഏല്‍ക്കേണ്ടി വന്നത്.