ലോകത്തിലെ ഏറ്റവും ഭീകരനായ സൈബര്‍ കുറ്റവാളിയെ കുറിച്ച് കേട്ടിട്ടുണ്ടോ? എവ്ഗെനി മിഖായവിച്ച് ബോഗചേവ് എന്നാണ് ഈ ഹാക്കറുടെ പേര്. രാജ്യാന്തര ബാങ്കുകളില്‍ നിന്നും കോടിക്കണണക്കിന് ഡോളറാണ് ബോഗചേവ് സൈബര്‍ തട്ടിപ്പ് വഴി അടിച്ചെടുത്തത്.
ഡാര്‍ക്ക് വെബ്ബില്‍ മലിഷ്യസ് വെബ്‌സൈറ്റുകള്‍ നിര്‍മ്മിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന ടെക്ക് വിദഗ്ധനാണ് ബോഗചേവ്. കാർഡിങ് വേൾഡ് എന്ന ഡാര്‍ക്ക് വെബ്‌സൈറ്റ് വഴിയായിരുന്നു ബോഗചേവ് തന്റെ സര്‍വീസുകള്‍ വില്‍പന നടത്തിയത്. ഗെയിംഓവർ സ്യൂസ് മാൾവെയർ നിര്‍മിച്ചതോടെയാണ് ഇയാളുടെ ഹാക്കിങ് കരിയര്‍ ആരംഭിച്ചത്. രാജ്യാന്തര ബാങ്കുകളുടെ നെറ്റ്‌വർക്കുകളെ തകർക്കുന്ന മാൾവെയർ ഉപയോഗിച്ച് കോടിക്കണക്കിന് പണമാണ് ഇയാള്‍ കൊള്ളയടിച്ചത്.

പത്ത് ലക്ഷം കംപ്യൂട്ടറുകളെ വരെ ഇയാള്‍ ഒറ്റയടിയ്ക്ക് നിയന്ത്രിച്ച സമയം ഉണ്ടായിരുന്നു. 2011 മുതല്‍ ഇയാള്‍ക്ക് ഭൂരാഷ്‌ട്രതന്ത്ര പ്രശ്നങ്ങൾ സംബന്ധിച്ച ഹാക്കിങ് ആവശ്യങ്ങള്‍ വന്നുതുടങ്ങിയെന്നാണ് സുരക്ഷാഗവേഷകര്‍ വിശ്വസിക്കുന്നത്. ആയുധ ഇറക്കുമതിയെക്കുറിച്ചും സുരക്ഷാ രഹസ്യങ്ങളെക്കുറിച്ചും ഇയാള്‍ അന്വേഷിച്ചിരുന്നതായി ടര്‍ക്കിഷ്-ഉക്രെയ്നിയന്‍ സുരക്ഷാ സംഘം കണ്ടെത്തി. ഇതാണ് ബോഗചേവ് ചാരപ്രവൃത്തിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയം ബലവത്താക്കുന്നത്.

Image result for russian-hacker-with-a-3-million-bounty-on-his-head
ഗെയിംഓവർ സ്യൂസ് എന്ന മാൾവെയർ ഉപയോഗിച്ചായിരുന്നു ഹാക്കിങ്. റഷ്യന്‍ സർക്കാരിന്റെ ചാരപ്രവൃത്തികളുടെ ഭാഗമായാണ് ബോഗചേവ് ഈ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്നതെന്നാണ് അമേരിക്കയുടെ ആരോപണം‍. അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) ഔദ്യോഗിക വെബ്സൈറ്റിലെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഒന്നാമനും ബോഗചേവ് തന്നെ.

ഇയാള്‍ റഷ്യയുടെ പ്രധാന ഇന്റലിജന്‍സ് ഏജന്‍സിയായ എഫ്എസ്ബിയുടെ മേല്‍നോട്ടത്തിലാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ഉക്രെയ്നിയന്‍ ആഭ്യന്തര മന്ത്രാലയം പറയുന്നു. ഇയാളെക്കുറിച്ചുള്ള സൂചനകള്‍ എഫ്ബിഐയ്ക്ക് കൈമാറിയത് ഉക്രയിന്‍ ആയിരുന്നു. എല്ലാത്തരത്തിലുള്ള ചാരപ്രവൃത്തികള്‍ക്കും റഷ്യന്‍ ഇന്റലിജന്‍സ് അധികൃതർ ബോഗചേവിന്റെ സഹായം തേടുന്നുണ്ടെന്നാണ് സൈബര്‍ ഇന്‍വെസ്റ്റിഗേഷന്‍ ചുമതലയുള്ള എഫ്ബിഐ അസിസ്റ്റന്റ് വക്താവ് പറയുന്നത്.