ലണ്ടന്‍: മുന്‍ യുകെ ചാരനും റഷ്യന്‍ സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥനുമായിരുന്ന സെര്‍ജി സ്‌ക്രിപാലിനെതിരെ ഉണ്ടായ വിഷവാതകാക്രമണത്തില്‍ റഷ്യയും യുകെയുമായി നയതന്ത്രയുദ്ധം മുറുകുന്നു. അഴിമതിയിലും മനുഷ്യാവകാശ ലംഘനങ്ങളിലും ആരോപണ വിധേയരായ റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് വിസ നല്‍കില്ലെന്ന് യുകെ അറിയിച്ചു. 2012ല്‍ അമേരിക്കയില്‍ ഒബാമ ഭരണകൂടം നടപ്പാക്കിയ മാഗ്നിറ്റ്‌സ്‌കൈ ആക്ടിന്റെ മാതൃകയിലുള്ള നിയമം ഇപ്പോള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്ന ഉപരോധ ബില്ലിനൊപ്പം അവതരിപ്പിക്കാനുള്ള നീക്കങ്ങള്‍ നടന്നു വരികയാണെന്ന് കണ്‍സര്‍വേറ്റീവ് എംപിമാര്‍ പറയുന്നു.

ഔദ്യോഗിക രംഗത്തെ അഴിമതിയേക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്ന അഭിഭാഷകനായിരുന്ന സെര്‍ജി മാഗ്നറ്റ്‌സ്‌കൈയുടെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുന്നതിനാണ് അമേരിക്ക ഈ നിയമം പാസാക്കിയത്. പിന്നീട് ലോകമൊട്ടാകെ വ്യാപിപ്പിച്ച ഈ നിയമമനുസരിച്ച് മനുഷ്യാവകാശ ലംഘനം നടത്തുന്നവര്‍ക്ക് അമേരിക്ക വിസ നിഷേധിച്ചു വരികയാണ്. ബ്രിട്ടനില്‍ ഇത്തരമൊരു നിയമം അവതരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും ഏപ്രിലിനുള്ളില്‍ ഈ ബില്ല് റിപ്പോര്‍ട്ടായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടോറി എംപി റിച്ചാര്‍ഡ് ബെന്യന്‍ പ്രസ് അസോസിയേഷനോട് വെളിപ്പെടുത്തി.

ബില്ലിന്റെ കാര്യത്തില്‍ ആശയ സമന്വയത്തിന് ശ്രമിച്ചു വരികയാണെന്ന് മുന്‍ കണ്‍സര്‍വേറ്റീവ് ചീഫ് വിപ്പ് ആന്‍ഡ്രൂ മിച്ചല്‍ പറഞ്ഞു. സാലിസ്ബറിയില്‍ വെച്ച് സ്‌ക്രിപാല്‍ നെര്‍വ് ഏജന്റ് ആക്രമണത്തിന് വിധേയനാകുന്നതിനു മുമ്പ് തന്നെ ഇത്തരമൊരു ബില്ലിന് നീക്കം തുടങ്ങിയിരുന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ലേബറിന്റെ പിന്തുണയും ഇക്കാര്യത്തില്‍ ഗവണ്‍മെന്റിനുണ്ട്. സ്‌ക്രിപാലും മകള്‍ യൂലിയയും ഇപ്പോഴും ചികിത്സയിലാണ്. ആക്രമണത്തിനു പിന്നില്‍ ക്രെലിനാണെന്നാണ് സംശയിക്കപ്പെടുന്നത്.