ബാത്ത് ടബ്ബില്‍ കുളിക്കുന്നതിനിടെ ഐഫോണ്‍ ഉപയോഗിച്ച പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം. റഷ്യന്‍ സ്വദേശിനിയായ ഇരിന റബ്ബിക്കോവ ഐഫോണ്‍ ചാര്‍ജിലിട്ടാണ് ഉപയോഗിച്ചിരുന്നത്. സുഹൃത്തുക്കള്‍ക്ക് മെസേജ് അയക്കുന്നതിനിടെ ഫോണ്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. കയ്യില്‍ നിന്ന് ഫോണ്‍ വെള്ളത്തില്‍ വീണതോടെ ഷോക്കേറ്റു. ചാര്‍ജിലിട്ട ഫോണില്‍ നിന്ന് വെള്ളത്തിലൂടെ ഷോക്കേറ്റ ഇരിനയെ വീട്ടുകാര്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഐഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ബ്രിട്ടിഷ് യുവാവും മരിച്ചിരുന്നു. ബാത്ത് റൂമില്‍ വെച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെയാണ് മുപ്പത്തിരണ്ടുകാരനായ റിച്ചാര്‍ഡ് ബുള്ളിന് അപകടം സംഭവിച്ചത്. ഫോണ്‍ ചാര്‍ജിങ്ങിനിടെ വെള്ളത്തില്‍ വീഴുകയായിരുന്നു.

മരണം സംഭവിക്കാന്‍ കാരണം യുവാവിന്റെ അശ്രദ്ധയാണെങ്കിലും ഭാവിയില്‍ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ തടയാന്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ആപ്പിളിനോട് ആവശ്യപ്പെടുമെന്ന് അന്ന് ബ്രിട്ടീഷ് ടെക് വിദഗ്ധര്‍ പറഞ്ഞിരുന്നു.

ലോകത്ത് സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഏഴു ശതമാനം പേര്‍ കുളിക്കുമ്പോഴും ഫോണ്‍ ഉപയോഗിക്കുന്നവരാണെന്ന് നേരത്തെ സര്‍വെ റിപ്പോര്‍ട്ട് വന്നിരുന്നു. കുളിക്കുമ്പോള്‍ ചാര്‍ജിലിട്ട് ഫോണ്‍ ഉപയോഗിക്കുന്നത് വന്‍ അപകടം തന്നെയാണ്. മിക്ക ഫോണുകളുടെ ചാര്‍ജറുകളും വെളളത്തില്‍ വീണാല്‍ ഷോക്കേല്‍ക്കാന്‍ സാധ്യത കൂടുതലാണെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്