ലണ്ടന്‍: ബാഗേജ് പോളിസിയില്‍ വിവാദ മാറ്റങ്ങളുമായി റെയാനെയര്‍. ഇനിമുതല്‍ റെയാനെയര്‍ വിമാനങ്ങളില്‍ സ്യൂട്ട്‌കേസുകളും മീഡിയം വലിപ്പമുള്ള ബാഗുകളും സൗജന്യമായി കൊണ്ടുപോകാന്‍ കഴിയില്ല. യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കാതെ ആയിരുന്നു അധികൃതരുടെ അപ്രതീക്ഷിതമായ പോളിസി മാറ്റം. പലരും വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നതിന് ശേഷമാണ് പുതിയ പോളിസി മാറ്റത്തെക്കുറിച്ച് അറിയുന്നത്. കാര്യങ്ങളില്‍ അവ്യക്തത നിലനിന്നിരുന്നതിനാല്‍ യാത്രക്കാര്‍ ബാഗുകള്‍ ധൃതിയില്‍ മാറ്റുകയായിരുന്നു. അതേസമയം യാത്രക്കാരില്‍ ചിലര്‍ ബോര്‍ഡിംഗിനായി എത്തുന്നതിന് തൊട്ടുമുന്‍പാണ് ബാഗേജ് പോളിസി മാറിയ കാര്യം അറിഞ്ഞത്. യാത്രക്കാര്‍ക്ക് ലഗേജ് ഒഴിവാക്കേണ്ടി വന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

വിമാനത്തിനുള്ളിലെ സീറ്റിനടയില്‍ ഉള്‍ക്കൊള്ളിക്കാവുന്ന 40*20*25 സൈസിലുള്ള ചെറിയ ബാഗുകള്‍ മാത്രമാണ് ഇനിമുതല്‍ യാത്രക്കാരന് കൈയ്യില്‍ കരുതാനാവുക. അധികമായി വരുന്ന ബാഗുകളുടെ ഭാരത്തിന് അനുസരിച്ച് പണം നല്‍കേണ്ടി വരും. നിലവില്‍ 10 കിലോ ഭാരമുള്ള ബാഗുകള്‍ക്ക് 8 പൗണ്ടും 25 കിലോ വരെ ഭാരമുള്ള ബാഗുകള്‍ക്ക് 25 പൗണ്ടുമാണ് റെയാനെയര്‍ ഈടാക്കുന്നത്. എയര്‍ലൈന്‍ അധികൃതരുടെ അപ്രതീക്ഷിത നീക്കം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നത്. വിമാനക്കമ്പനിയുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും യാത്രക്കാരുടെ കൈയ്യില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാനുള്ള ഇത്തരം നീക്കങ്ങള്‍ അപലപനീയമാണെന്നും ചിലര്‍ പ്രതികരിച്ചു.

റെയാനെയര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ പോലും സ്ഥാപനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. വിമാന ടിക്കറ്റ് ഇനത്തില്‍ ചെറിയ തുക ഈടാക്കുകയും മറ്റു മാര്‍ഗങ്ങളിലൂടെ ഇതിന്റെ ഇരട്ടി കമ്പനി വസൂലാക്കുകയും ചെയ്യുന്നതായി ചില യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെയും അപ്രതീക്ഷിതമായ ചില തീരുമാനങ്ങളെടുത്ത് വിവാദത്തില്‍പ്പെട്ട സ്ഥാപനമാണ് റെയാനെയര്‍. ചെറിയ കാര്യങ്ങള്‍ക്ക് പോലും ചാര്‍ജുകള്‍ ഏര്‍പ്പെടുത്തി യാത്രക്കാരെ വലയ്ക്കുകയാണ് കമ്പനിയെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. റെയാനെയര്‍ യാത്രക്കാരനായ ഒരാളുടെ ടിക്കറ്റ് വില 78 പൗണ്ടായിരുന്നു എന്നാല്‍ അധിക ചാര്‍ജുകള്‍ ഇതിനോടപ്പം ചേര്‍ന്നപ്പോള്‍ ആകെ 200 പൗണ്ട് നല്‍കേണ്ടി വന്നു.