തിരുവനന്തപുരം: ബി.ജെ.പി. വെള്ളിയാഴ്ച ആഹ്വാനംചെയ്ത ഹര്‍ത്താലിനുനേരെ ജനരോഷം. ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം പതിനായിരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. ബി.ജെ.പി കേരളത്തിന്റെ ഫേസ്ബുക്ക് പേജില്‍ ജമനരോഷം ശക്തമായെങ്കിലും ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ നേതൃത്വം തയ്യാറായില്ല. തുടര്‍ന്ന് ഹര്‍ത്താല്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് സോഷ്യല്‍ മീഡിയ രംഗത്ത് വന്നത്.

കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ കടയടപ്പിക്കാന്‍ എത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോയി. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തിന് നഷ്ടം വരുത്തിയിരിക്കുന്നത്. ഹര്‍ത്താലുകള്‍ക്കെതിരേ കോഴിക്കോട്ട് മിഠായിത്തെരുവില്‍ വ്യാപാരികള്‍ പ്രകടനം നടത്തി. ഇനിയുണ്ടാകുന്ന ഹര്‍ത്താലുകളില്‍ മിഠായിത്തെരുവിലെ കടകള്‍ അടയ്ക്കില്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ പലയിടങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു. മെട്രാ റെയില്‍ പതിവുപോലെ സര്‍വീസ് നടത്തി. കോഴിക്കോടും ഹര്‍ത്താല്‍ ഭാഗികമായി മാത്രമെ ബാധിച്ചിട്ടുള്ളു. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഇന്നലെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വേണുഗോപാലന്‍ നായര്‍ ജീവിത പ്രശ്നങ്ങള്‍ മൂലമാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ വേണുഗോപാലന്‍ നായര്‍ അയ്യപ്പ ഭക്തനാണെന്നാണ് ബി.ജെ.പിയുടെ വാദം.