ശബരിമലയിൽ വലിയ നടപ്പന്തലിലെത്തിയ സ്ത്രീക്കെതിരെ പ്രതിഷേധം. പ്രതിഷേധക്കാർ നടപ്പന്തലിൽ നിറഞ്ഞുനിന്ന് നാമജപം നടത്തി. യുവതി പ്രവേശിച്ചെന്ന തെറ്റിദ്ധാരണയെത്തുടർന്നാണ് പ്രതിഷേധം.

അതേസമയം തനിക്ക് 52 വയസ്സുണ്ടെന്ന് ദർശനത്തിനെത്തിയ സ്ത്രീ അറിയിച്ചു. ഇരുമുട‌ിക്കെട്ടുമായെത്തിയ വനിതയെ പൊലീസ് സുരക്ഷയിലാണ് പതിനെട്ടാംപടി കയറി ദര്‍ശനം നടത്തിയത്. പൊതു സമാധാനാന്തരീക്ഷമായിരുന്നു ഇന്ന് ശബരിമലയിൽ.എന്നാൽ യുവതി പ്രവേശിച്ചെന്ന വിവരത്തെത്തുടർന്ന് നിമിഷങ്ങൾക്കുള്ളിലാണ് വലിയ നടപ്പന്തലിന് സമീപം സംഘടിച്ചെത്തി പ്രതിഷേധിച്ചത്. നാമജപം ഉയർത്തി പ്രതിഷേധിച്ചെങ്കിലും ഭക്തയാണെന്നും 52 വയസ്സുണ്ടെന്നും സ്ത്രീ അറിയിക്കുകയായിരുന്നു.

തമിഴ്നാട് സ്വദേശിനിയായ ഇവർ രണ്ടാം തവണയാണ് ശബരിമല ദർശനത്തിനെത്തുന്നത്.

നിരോധനാജ്ഞ ശബരിമല നടയടക്കും വരെ നീട്ടിയതോടെ സന്നിധാനവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. പ്രതിഷേധക്കാർ ഇപ്പോഴും സന്നിധാനം ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണവും ശക്തമാണ്. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പമ്പ കടന്ന് മലകയറാൻ ഇനിയും യുവതികൾ എത്തിയേക്കുമെന്ന സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.

പ്രതിഷേധക്കാർ തീർത്ത പ്രതിരോധം മറികടക്കാൻ ഇന്നലെ യുവതികളുമായെത്തിയ പൊലീസ് സംഘത്തിന് കഴിയാതെ വന്നതോടെ, ശബരിലേക്ക് പോകാൻ തയാറായി വരുന്നവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ശബരിമലയിലെ പരികർമികൾ വരെ പ്രത്യക്ഷ പ്രതിഷേധത്തിനിറങ്ങിയ സാഹചര്യത്തിൽ ഇനിയും പ്രകോപനമുണ്ടായാൽ കാര്യങ്ങൾ ഗുരുതരമാകുമെന്ന നിലയിലെത്തി. പതിനെട്ടാം പടിക്ക് സമീപം യുവതികളെത്തിയാൽ നടയടച്ച് പടിയിറങ്ങുമെന്ന തന്ത്രിയുടെ പ്രഖ്യാപനം സർക്കാരിനേയും ദേവസ്വം ബോർഡിനേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രതിഷേധത്തിനിറങ്ങിയ സാഹചര്യത്തിൽ പരികർമികളുടെ വിവരവും, എണ്ണവും ചോദിച്ച് ദേവസ്വം ബോർഡ് ശബരിമല, മാളികപ്പുറം മേൽശാന്തി മാർക്ക് നോട്ടിസ് നൽകിയത് നീരസത്തിന് ഇടയാക്കിയിട്ടുണ്ട്. നിരോധനാജ്ഞ മറികടന്ന് പ്രതിഷേധക്കാർ എത്താനുള്ള സാധ്യത കണക്കിലെടുത്ത് നിലയ്ക്കൽ, പമ്പ, ഇലവുങ്കൽ എന്നിവിടങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പത്തനംതിട്ട, റാന്നി, വടശേരിക്കര മേഖലകളിലും പ്രതിഷേധം വ്യാപകമായുണ്ട്. സംഘർഷസാധ്യത നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നിരോധനാജ്ഞ 22 വരെ നീട്ടിയത്.