ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിനുള്ളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ വിലക്കുന്ന നടപടി റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ഇന്ന് വിവിധ ഹരജികള്‍ സമര്‍പ്പിക്കപ്പെടുമെന്ന് സൂചന. സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് റിവ്യു ഹര്‍ജികളുമായി സംഘടനകള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. പീപ്പിള്‍ ഫോര്‍ ധര്‍മ, ശബരിമല ആചാര സംരക്ഷണ ഫോറം എന്നീ സംഘടനകളാണ് ഹര്‍ജികള്‍ നല്‍കാന്‍ തയ്യാറെടുക്കുന്നത്.

അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നായിരിക്കും ഇരു സംഘടനകളുടെയും അഭിഭാഷകര്‍ ആവശ്യപ്പെടുക. എന്നാല്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമുണ്ടെന്ന് ചീഫ് ജസ്റ്റിസിന് ബോധ്യമായാല്‍ മാത്രമെ ഹര്‍ജി വേഗത്തില്‍ പരിഗണിക്കുകയുള്ളു. ക്ഷേത്രാചാരങ്ങളില്‍ കടന്നു കയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുക. വര്‍ഷങ്ങള്‍ പഴക്കമുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തുന്നത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കും.

അതേസമയം നേരത്തെ സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അതിനായുള്ള പ്രത്യേക സുരക്ഷ ഒരുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞു. ഈ മാസം നട തുറക്കുമ്പോള്‍ വനിതാ പോലീസിനെ വിന്യസിക്കില്ലെന്നാണ് സൂചനകള്‍. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്തും സ്ത്രീകളുടെ തിരക്ക് വിലയിരുത്തിയ ശേഷമെ വനിതാ പോലീസിനെ വിന്യസിക്കൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. വിഷയത്തില്‍ പോലീസ് മേധാവിയും ദേവസംബോര്‍ഡും തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമെടുക്കുക.