തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ബി.ജെ.പിയുടെ പിന്തുണയോടെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ അക്രമം. ഹര്‍ത്താല്‍ അനുകൂലികള്‍ റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. പലയിടങ്ങളിലും പോലീസുകാര്‍ക്കെതിരെ അക്രമങ്ങളുണ്ടായി. പോലീസ് വാഹനങ്ങള്‍ക്ക് നേരെയും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലകളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വന്‍ പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആര്‍.സി.സിയില്‍ ചികിത്സയ്‌ക്കെത്തിയ വയനാട് സ്വദേശിനി റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു. ആശുപത്രിയിലേക്ക് മാറ്റാന്‍ വാഹനങ്ങള്‍ ലഭിക്കാത്തതാണ് ഇവര്‍ മരിക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. പാത്തുമ്മ (64) ആണ് തമ്പാനൂര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീണ് മരിച്ചത്. ന്യസംസ്ഥാനത്ത് നിന്നുള്ള ബസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ടയര്‍ കത്തിച്ചും കല്ലും മരക്കഷ്ണങ്ങളും നിരത്തിയും പ്രതിഷേധക്കാര്‍ വഴിതടഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിപിഎം ഓഫീസുകള്‍ക്ക് നേരെ സംഘ്പരിവാര്‍ ആക്രമണം ഉണ്ടായിട്ടുണ്ട്.

എറണാകുളം ജില്ലയിലെ ആലങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിന്റെ ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞ് തകര്‍ത്തു. മലപ്പുറം തവനൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് തീയിട്ടു. പാലക്കാട് വെണ്ണക്കരയിലും സിപിഎം നിയന്ത്രണത്തിലുള്ള വായനശാലക്ക് നേരെ ആക്രമണമുണ്ടായി. ഇ എം എസ് സ്മാരക വായനശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കാസര്‍ക്കോട് നീലേശ്വരത്ത് ബിജെപി ഓഫീസിന് നേരെയും ആക്രമണം ഉണ്ടായി. കോഴിക്കോട് പോലീസ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. കടകള്‍ വ്യാപകമായി അടപ്പിക്കുകയാണ്. കടകള്‍ അടയ്ക്കാന്‍ വിസമ്മതിക്കുന്ന വ്യാപാരികള്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും പമ്പയിലേക്ക് കെ എസ് ആര്‍ ടി സി സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും ബസുകളുടെ എണ്ണം കുറവാണ്. ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയ ആയിരങ്ങളാണ് റെയില്‍ വേ സ്റ്റേഷനുകളിലും ബസ്റ്റാന്റുകളിലും കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് ഭക്ഷണം പോലും ലഭ്യമല്ല. പത്തനംതിട്ടയില്‍ നിന്നുള്ള കെ എസ് ആര്‍ ടി സി ബസ്സുകള്‍ സര്‍വ്വിസുകള്‍ നിര്‍ത്തിവെച്ചു. പമ്പയിലേക്ക് ചെങ്ങന്നൂരില്‍ നിന്നും 16 സര്‍വ്വീസുകള്‍ പമ്പയിലേക്ക് നടത്തി.