ഫ്ലിപ്കാർട്ടിന്റെ ഉടമകളിൽ ഒരാളായിരുന്ന സച്ചിൻ ബൻസാൽ 699 കോടി രൂപ മുൻ‌കൂർ ആദായ നികുതിയായി അടച്ചു. ഫ്ലിപ്കാർട്ട് ഓഹരികൾ വാൾമാർട്ട് എന്ന അമേരിക്കൻ കമ്പനിക്ക് കൈമാറിയപ്പോൾ ലഭിച്ച വൻ തുകയ്ക്കുള്ള മൂലധന നേട്ട നികുതി അടക്കമുള്ള നികുതിയായാണ് തുക അടച്ചത്.

എന്നാൽ കമ്പനിയുടെ മറ്റൊരു പാർട്ണറായിരുന്ന ബിന്നി ബൻസാൽ ഓഹരി വില്പന വഴിയുള്ള നേട്ടത്തെ കുറിച്ചോ, നികുതിയെ കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ആദായ നികുതി വകുപ്പ് ഇരുവർക്കും നോട്ടീസ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സച്ചിൻ ബൻസാൽ നികുതി അടച്ചത്. കമ്പനിയുടെ പ്രമുഖ ഓഹരി ഉടമകളായ 35 പേർക്ക് കൂടി ഐ ടി വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷമാണ് വാൾമാർട്ട് ഏകദേശം ഒരു ലക്ഷം കോടി രൂപക്ക് ഫ്ലിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികൾ വാങ്ങിയത്.
കഴിഞ്ഞ സെപ്റ്റംബറിൽ വാൾമാർട്ട് 7439 കോടി രൂപ ഈ ഇടപാടിന്റെ നികുതിയായി അടച്ചിരുന്നു. മൊത്തം 13,750 കോടി രൂപ ഈ കമ്പനി നികുതി അടക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.