പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ പതിനേഴാം മത്സരത്തിലും ലിവര്‍പൂളിന്റെ വിജയക്കുതിപ്പ്. നോര്‍വിച്ച് സിറ്റിക്കെതിരെ അവരുടെ മൈതാനത്ത് 1-0 ജയമാണ് ലിവര്‍പൂള്‍ നേടിയത്. അതേസമയം ലീഗിലെ അവസാന സ്ഥാനക്കാരായ നോര്‍വിച്ച് ശക്തരായ ലിവര്‍പൂളിനെതിരെ പൊരുതി കളിച്ചെങ്കിലും സാദിയോ മാനെയെ തടയാന്‍ അവര്‍ക്ക് ആയില്ല. ആദ്യ പകുതിയില്‍ ഗോളാക്കാവുന്ന മികച്ച അവസരം നോര്‍വിച്ചിന് ലഭിച്ചെങ്കിലും ആലിസന്‍ ലിവര്‍പൂളിന്റെ രക്ഷകന്‍ ആയി. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലും നോര്‍വിച്ചിന്റെ ഒരു മികച്ച ശ്രമം പോസ്റ്റില്‍ തട്ടി വിഫലമായി.

മത്സരത്തില്‍ ചേമ്പര്‍ലിന് പകരം ഇറങ്ങിയ സാദിയോമാനെയാണ് ലിവര്‍പൂളിന് വേണ്ടി സ്‌കോര്‍ ചെയ്തത്. മത്സരം അവസാനിക്കാന്‍ 10 മിനിറ്റ് ശേഷിക്കെ ജോര്‍ദന്‍ ഹെന്റേഴ്‌സന്റെ പാസ് സ്വീകരിച്ച പോസ്റ്റിലേക്ക് ലക്ഷ്യം വെച്ച് ലിവര്‍പൂളിന് വിജയഗോള്‍ സമ്മാനിച്ചു. ലീഗില്‍ തുടര്‍ച്ചയായ 17 മത്തെ ജയം ആണ് ലിവര്‍പൂള്‍ നേടിയത്. ലിവര്‍പൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയക്കുതിപ്പ് ആണ് ഇത്. കൂടാതെ സീസണില്‍ ഇത് 12 മത്തെ തവണയാണ് ലിവര്‍പൂള്‍ ഒരു ഗോള്‍ വ്യത്യാസത്തില്‍ മത്സരം ജയിക്കുന്നത്. കൂടാതെ 26 മത്സരങ്ങള്‍ക്ക് ശേഷം 1996/97 ലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിന്റെ റെക്കോര്‍ഡ് ആയ 75 പോയിന്റുകളും അവര്‍ മറികടന്നു.

നിലവില്‍ ലിവര്‍പൂളിനു 76 പോയിന്റുകള്‍ ആണ് ഉള്ളത്. ഒരു മത്സരം കുറവ് കളിച്ച രണ്ടാം സ്ഥാനക്കാര്‍ ആയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആവട്ടെ 51 പോയിന്റുകളും, അതായത് 26 മത്സരങ്ങള്‍ക്ക് ശേഷം രണ്ടാം സ്ഥാനക്കാരെക്കാള്‍ 25 പോയിന്റുകള്‍ മുന്നില്‍. നിലവില്‍ അടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ ആവില്ല എന്നതിനാല്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും 12 മത്സരങ്ങള്‍ അവശേഷിക്കുമ്പോള്‍ തന്നെ ലിവര്‍പൂള്‍ ഉറപ്പാക്കി.