ലണ്ടന്‍: അന്തരീക്ഷ താപനില സ്ഥിരമായി പൂജ്യത്തിലും താഴേക്ക് എത്തുന്ന സാഹചര്യത്തില്‍ ലണ്ടനിലെ എമര്‍ജന്‍സി ഷെല്‍ട്ടറുകള്‍ എല്ലാ ദിവസവും തുറക്കാന്‍ നിര്‍ദേശം. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനാണ് ഈ നിര്‍ദേശം നല്‍കിയത്. മൂന്ന് ദിവസം അതിശൈത്യം തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചാല്‍ മാത്രമേ നിലവില്‍ എമര്‍ജന്‍സി ഷെല്‍ട്ടറുകള്‍ തുറക്കാറുള്ളു. കാലാവസ്ഥയില്‍ കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനായി ചാരിറ്റികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പദ്ധതിക്കും മേയര്‍ തുടക്കം കുറിച്ചിട്ടുണ്ട്.

തെരുവുകളില്‍ ഉറങ്ങുന്നവര്‍ക്ക് അഭയം നല്‍കാനായി റാപ്പിഡ് റെസ്‌പോണ്‍സ് ഹബ് തുടങ്ങാനുള്ള പ്രവര്‍ത്തങ്ങള്‍ക്കും മേയര്‍ ആരംഭം കുറിച്ചു. തെരുവില്‍ അഭയം തേടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രി തെരേസ മേയും പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിനും തമ്മില്‍ കൊമ്പ് കോര്‍ത്തതിനു പിന്നാലെയാണ് ലേബര്‍ പാര്‍ട്ടി പ്രതിനിധിയായ മേയര്‍ സാദിഖ് ഖാന്‍ തെരുവില്‍ ഉറങ്ങുന്നവര്‍ക്കായുള്ള പദ്ധതികള്‍ ആരംഭിച്ചതെന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ വിഷയമായി ഇതിനെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള നീക്കമായാണ് ഇത് വിവക്ഷിക്കപ്പെടുന്നത്.

പ്രശ്‌നം പരിഹരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചെങ്കിലും തെരുവുകളില്‍ അഭയം തേടുന്നവരുടെ എണ്ണം ഞെട്ടിക്കുന്നതാണെന്ന് സാദിഖ് ഖാന്‍ പറഞ്ഞു. ഷെല്‍ട്ടറുകള്‍ തുറക്കാനുള്ള നിര്‍ദേശം ലണ്ടന്‍ നഗരത്തിലെ 33 ബറോകള്‍ക്കും നല്‍കിക്കഴിഞ്ഞു. 2010-11 വര്‍ഷത്തില്‍ തെരുവില്‍ അന്തിയുറങ്ങിയവരുടെ എണ്ണം 3975 ആയിരുന്നെങ്കില്‍ 2015-16 വര്‍ഷത്തില്‍ ഇത് 8000 ആയി ഉയന്നിട്ടുണ്ട്.