ലണ്ടന്‍: സംശയം തോന്നുന്നവര്‍ക്കു നേരെയുള്ള പോലീസ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. അടുത്തിടെയായി വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ ചെറുക്കാന്‍ സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് സാദിഖ് ഖാന്‍ വ്യക്തമാക്കിയത്. ജനങ്ങളെ തെരുവില്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്ന ഈ രീതി വിവാദമുണ്ടാക്കുമെങ്കിലും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പോലീസിന് ഫലപ്രദമായി ഉപയോഗിക്കാവുന്ന രീതിയെന്ന നിലയില്‍ ഇത് പ്രയോഗിച്ചേ മതിയാകൂ എന്ന് മേയര്‍ പറഞ്ഞു.

കത്തി ഉപയോഗിച്ചും ആസിഡ് ഉപയോഗിച്ചുമുള്ള ആക്രമണങ്ങളും കൊള്ളയും കൊലപാതകവും വ്യാപകമായി നടക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നാണ് വിശദീകരണം. ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കിടെ നാല് യുവാക്കള്‍ ലണ്ടനില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം ഒറ്റപ്പെട്ടതായി കണക്കാക്കാനാകില്ലെന്നാണ് ഈവനിംഗ് സ്റ്റാന്‍ഡേര്‍ഡില്‍ എഴുതിയ ലേഖനത്തില്‍ ഖാന്‍ പറയുന്നു. ബ്രിട്ടനില്‍ ആകമാനം വളര്‍ന്നു വരുന്ന കുറ്റകൃത്യങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് അത്. 2018ന്റെ ആദ്യ ദിനങ്ങള്‍ കുറ്റകൃത്യങ്ങളുടേതായിരുന്നു.

ലണ്ടനില്‍ മാത്രമല്ല, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ഓക്‌സ്‌ഫോര്‍ഡ്, ബര്‍മിംഗ്ഹാം എന്നിവിടങ്ങളിലും കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ അരങ്ങേറി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ മെട്രോപോളിറ്റന്‍ പോലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകളില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകുമെന്നാണ് മേയര്‍ സൂചന നല്‍കിയത്. സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകള്‍ തെളിവുകളുടെ അടിസ്ഥാനത്തിലും സംശയമുള്ളവരെ ലക്ഷ്യമിട്ടുമായിരിക്കും നടത്തുകയെന്നായിരുന്നു 2016ല്‍ സാദിഖ് ഖാന്‍ നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനം.

കത്തി ഉപയോഗിച്ച് ജനങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചതോടെ കഴിഞ്ഞ ജൂണിലാണ് സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം മേയര്‍ ആദ്യം നടപ്പിലാക്കിയത്. ഇതിനെ ആംബര്‍ റൂഡ് പിന്‍തുണക്കുകയും മെറ്റ് പോലീസ് പൂര്‍ണ്ണ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ലണ്ടനിലെ പോലീസുകാര്‍ക്ക് ശരീരത്ത് ധരിക്കാവുന്ന ക്യാമറകള്‍ നല്‍കുകയും സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ നേതൃത്വത്തില്‍ ആയുധങ്ങള്‍ക്കായി തെരച്ചില്‍ നടത്തുകയും ചെയ്തു.