അമൃത്‌സര്‍: ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ മാപ്പു പറയണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. അമൃത്‌സറില്‍ ജാലിയന്‍വാലാബാഗ് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

1919ല്‍ നടന്ന കൂട്ടക്കൊലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പു പറയേണ്ട സമയമായെന്ന് സന്ദര്‍ശക പുസ്തകത്തില്‍ രേഖപ്പെടുത്തിയാണു മേയര്‍ മടങ്ങിയത്. ജാലിയന്‍വാലാബാഗ് സന്ദര്‍ശിക്കാനുള്ള തീരുമാനം അഭിമാനകരമായിരുന്നെന്നും ചരിത്രത്തിലെ ഈ ദുരന്തം ആരും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1919 ഏപ്രില്‍ 13ന് നിരായുധരായ സമരക്കാര്‍ക്കു നേരെ ബ്രിട്ടീഷ് സൈന്യം നടത്തിയ വെടിവയ്പില്‍ 379 പേര്‍ മരിച്ചെന്നാണ് ബ്രിട്ടന്റെ കണക്ക്. യഥാര്‍ത്ഥത്തില്‍ ആയിരത്തിലധികം പേര്‍ മരിച്ചെന്നാണ് കരുതുന്നത്. 1200 പേര്‍ക്കു പരുക്കേറ്റു.