ലണ്ടന്‍: പ്രായമായവരെ പാര്‍പ്പിക്കുന്ന കെയര്‍ ഹോമുകളില്‍ മൂന്നിലൊന്നിലും സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് വിലയിരുത്തല്‍. കെയര്‍ ക്വാളിറ്റി കമ്മീഷന്‍ നടത്തിയ പരിശോധനകളിലാണ് ഇക്കാര്യം വ്യക്തമായത്. 4000 കെയര്‍ ഹോമുകളില്‍ 32 ശതമാനത്തിലും സൗകര്യങ്ങള്‍ അപര്യാപ്തമാണ്. ഇവയില്‍ ഇനിയും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. 37 ശതമാനം കെയര്‍ ഹോമുകളോട് സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ കെയര്‍ ശോചനീയമായ അവസ്ഥയിലാണെന്നും കമ്മീഷന്‍ വിലയിരുത്തി.

മുന്നറയിപ്പ് നല്‍കാതെയുള്ള സന്ദര്‍ശനങ്ങളാണ് ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയത്. അന്തേവാസികള്‍ക്ക് മരുന്നുകള്‍ നല്‍കുന്നത് ശ്രദ്ധയില്ലാതെയും സുരക്ഷിതമായും അല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. സഹായത്തിനായുള്ള വിളികള്‍ക്ക് മറുപടി ലഭിക്കാതെ പോകുന്നു. ഇവര്‍ക്ക് ഭക്ഷണം കഴിക്കാനോ ടോയ്‌ലറ്റുകളില്‍ പോകാനോ സഹായം ലഭിക്കുന്നില്ലെന്നും പരിശോധനകളില്‍ വ്യക്തമായി. ജീവനക്കാര്‍ തങ്ങളുടെ ജോലി എളുപ്പമാക്കാന്‍ ചെയ്യുന്ന കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നൈറ്റ് ഷിഫ്റ്റിലുള്ള ജീവനക്കാര്‍ അന്തേവാസികളെ നേരം പുലരുന്നതിനു മുമ്പു തന്നെ വിളിച്ചുണര്‍ത്തി ശരീരം വൃത്തിയാക്കിയ ശേഷം വീണ്ടും കിടക്കയില്‍ കിടത്തുന്നതായി കണ്ടെത്തി.

അന്തേവാസികള്‍ക്ക് അവകാശപ്പെട്ട ബഹുമാനവും അന്തസും നല്‍കാത്ത പെരുമാറ്റമാണ് ജീവനക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ അഡല്‍റ്റ് സോഷ്യല്‍ കെയര്‍ ചീഫ് ഇന്‍സ്‌പെക്ടറായ ആന്‍ഡ്രിയ സറ്റ്ക്ലിഫ് പറഞ്ഞു. റേറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായി സ്ഥിരീകരിക്കപ്പെട്ടത് 50 ശതമാനം കെയര്‍ ഹോമുകള്‍ മാത്രമാണെന്നും അവര്‍ വ്യക്തമാക്കി.