ബിബിന്‍ ഏബ്രഹാം

സഹൃദയ-ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് യു.കെയിലെ മറ്റു മലയാളി അസോസിയേഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യത്യസ്തമാകുന്നതു അതിന്റെ പ്രവര്‍ത്തനമേഖലയുടെ സവിശേഷ കള്‍ കൊണ്ടു തന്നെയാണ്. 2017-2018 പ്രവര്‍ത്തനകമ്മിറ്റിയുടെ നേതൃത്വത്തില്‍ സഹൃദയ നടത്തുന്ന നിരവധി ജനകീയ പ്രോഗ്രാമുകളില്‍ ഒന്നാണ് സഹൃദയയുടെ കുട്ടികള്‍ക്കു വേണ്ടിയുള്ള ”മുകുളങ്ങള്‍” എന്ന ആശയം.

യു.കെയില്‍ കുടിയേറിയവരും, ഇവിടെ ജനിച്ചു വളര്‍ന്നവരുമായ നമ്മുടെ കുട്ടികളുടെ ഉന്നമനത്തിനും അവരുടെ ബൗദ്ധികമായ വികസനത്തിനും ഒപ്പം പ്രകൃതിയെ അറിഞ്ഞ് മണ്ണിനെ സ്നേഹിച്ചു മലയാളിയുടെ നന്മ കൈവിടാതെ ഗൃഹാതുരത്വം തുടിക്കുന്ന ഓര്‍മ്മകളുമായി വരും കാലത്തില്‍ നമ്മുടെ ഭാഷയും പാരമ്പര്യവും നെഞ്ചോടു ചേര്‍ത്ത് നമ്മുടെ നാടിന്റെ നല്ല സംസ്‌കാരവുമായി ഇഴുകിച്ചേര്‍ന്ന് വളരാന്‍ അവരെ പ്രാപ്തമാക്കുക എന്ന ലക്ഷ്യബോധത്തോടെ സഹൃദയ തുടക്കം കുറിച്ച സ്വപ്ന പദ്ധതി ആയ മുകുളങ്ങള്‍ ഇന്ന് ഒരോ അംഗങ്ങളും ഹൃദയത്തില്‍ ഏറ്റെടുത്തിയിരിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്.

മുകുളങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ജൂണ്‍ മാസം 25ന് മലയാള സിനിമയിലെ പ്രിയപ്പെട്ട റൊമാന്റിക് ഹീറോയും ഒരു കാലത്തെ കാല്പനിക യൗവനങ്ങളുടെ നിറവും രൂപവുമായിരുന്ന നടന്‍ ശങ്കര്‍ നിര്‍വഹിച്ചിരുന്നു. മുകുളങ്ങളുടെ പ്രധാനലക്ഷ്യ ആശയങ്ങളില്‍ ഒന്നാണ് നമ്മുടെ കുട്ടികളെ മലയാളം എഴുതുവാനും പറയുവാനും പഠിപ്പിക്കുവാന്‍ വേണ്ടി ഒരു കൃത്യമായ വേദി ഉണ്ടാക്കുകയെന്നത്. ഇതിന്റെ ഭാഗമായി സഹൃദയ കേരള സര്‍ക്കാരിന്റെ മലയാളം മിഷനുമായി ബന്ധപ്പെട്ടു ചര്‍ച്ചകള്‍ നടത്തുകയും അവരുടെ നിര്‍ദേശപ്രകാരം സഹൃദയുടെ മലയാളം ക്ലാസ്സുകള്‍ ജൂലൈ 30 ഞായാറാഴ്ച്ച തുടക്കം കുറിക്കുകയാണെന്ന സന്തോഷവാര്‍ത്ത ഏവരെയും അറിയിക്കുകയാണ്.

മറുനാടന്‍ മലയാളികളുടെ കുട്ടികള്‍ക്ക് മലയാളം പഠിക്കുന്നതിനും കേരള സംസ്‌കാരം പരിചയിക്കുന്നതിനുമായി കേരളാ സര്‍ക്കാരിന്റെ കീഴില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് മലയാളം മിഷന്‍. ”എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന മലയാള മിഷന്റെ മുദ്രാവാക്യത്തിനു കൈകോര്‍ത്തു തുടക്കം കുറിക്കുന്ന ഈ പദ്ധതിയില്‍ ഏകദേശം അറുപതോളം കുട്ടികളാണ് ചേര്‍ന്നിരിക്കുന്നത്. യു.കെയില്‍ മലയാളം മിഷനുമായി ഔദ്യോഗികമായി കൈകോര്‍ക്കുന്ന ആദ്യ അസോസിയേഷന്‍ എന്ന ഖ്യാതിയും സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ്.

മലയാളം മിഷന്റെ നിര്‍ദേശാനുസരണം മിഷന്റെ പാഠ്യപദ്ധതിയനുസരിച്ച് ക്ലാസ്സുകള്‍ നയിക്കുന്നതിനായി അധ്യാപകരും, ക്ലാസ് റൂമുകളും തയ്യാറായി കഴിഞ്ഞു. കുട്ടികളെ അവരുടെ പ്രായത്തിനനുസരിച്ച് വേര്‍തിരിച്ച് ”കണിക്കൊന്ന” ”സൂര്യകാന്തി” എന്നീ കോഴ്സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. നമ്മുടെ കുട്ടികള്‍ക്ക് സ്വാഭാവികമായ മലയാള ഭാഷാപഠനം അനായാസമായി സാധ്യമാക്കുന്നതിനു വേണ്ടി മലയാളം മിഷന്‍ തയ്യാറാക്കിയിരിക്കുന്ന പാഠ്യപദ്ധിയും ഭാഷാപഠനസമീപനരേഖയും ഉള്‍കൊണ്ടു വൈവിധ്യപൂര്‍ണങ്ങളായ പഠന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക എന്ന വെല്ലുവിളിയാണ് സഹൃദയ ഏറ്റെടുത്തിരിക്കുന്നത്.

മലയാളം ക്ലാസ്സുകളുടെ തുടക്കമെന്ന നിലയില്‍ ആദ്യം അസോസിയേഷന്‍ അംഗങ്ങളുടെ കുട്ടികളെ മാത്രം ഉള്‍കൊള്ളിച്ചു തുടങ്ങുന്ന ക്ലാസ്സുകള്‍ പിന്നിട് വിപുലമാക്കി യു.കെയില്‍ മലയാളം പഠിക്കാന്‍ താല്പര്യമുള്ള ഏവരെയും പങ്കെടുപ്പിച്ചു കൂടുതല്‍ ജനകീയമാക്കാന്‍ സഹൃദയ പദ്ധതിയിടുന്നു. ഈ ഒരു നല്ല ആശയത്തിനു എല്ലാവിധ പിന്തുണയും നല്‍കി കുട്ടികളെ ചേര്‍ക്കുവാന്‍ മുന്നോട്ടു വന്ന എല്ലാ രക്ഷിതാക്കളോടുമുള്ള നന്ദി ടീം സഹൃദയ ഈ അവസരത്തില്‍ അറിയിക്കുകയാണ്.