സാജിദ് ജാവീദ് യുകെയെ നയിക്കുന്നത് അപകടകരമായ മാര്‍ഗ്ഗത്തിലൂടെ; മുന്നറിയിപ്പുമായി മനുഷ്യാവകാശ സംഘടന

സാജിദ് ജാവീദ് യുകെയെ നയിക്കുന്നത് അപകടകരമായ മാര്‍ഗ്ഗത്തിലൂടെ; മുന്നറിയിപ്പുമായി മനുഷ്യാവകാശ സംഘടന
October 08 06:15 2018 Print This Article

ഹോം സെക്രട്ടറി സാജിദ് ജാവീദ് യുകെയെ അപകടകരമായ മാര്‍ഗ്ഗത്തിലൂടെയാണ് മുന്നോട്ടു നയിക്കുന്നതെന്ന് വിമര്‍ശനം. ഇരട്ട പൗരത്വമുള്ളവരുടെ ബ്രിട്ടീഷ് പൗരത്വം എടുത്തു കളയാനുള്ള തീരുമാനത്തിലാണ് ഒരു മുന്‍നിര മനുഷ്യാവകാശ സംഘടന ഈ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കണ്‍സര്‍വേറ്റീവ് കോണ്‍ഫറന്‍സിലാണ് ഇരട്ട പൗരത്വമുള്ള കുറ്റവാളികളുടെയും കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചവരുടെയും ബ്രിട്ടീഷ് പൗരത്വം എടുത്തു കളയുമെന്ന് ജാവീദ് പറഞ്ഞത്. വിദേശത്തെത്തി തീവ്രവാദികളെന്ന് സ്ഥിരീകരിക്കപ്പെട്ടവരുടെ ബ്രിട്ടീഷ് പൗരത്വം എടുത്തു കളയുന്ന സമ്പ്രദായം നിലവിലുണ്ട്. ഇതിനായി നോട്ടീസ് പോലും നല്‍കേണ്ടതില്ല. ഈ രീതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം.

ലിബര്‍ട്ടി എന്ന മനുഷ്യാവകാശ സംഘടനയാണ് ഈ തീരുമാനത്തില്‍ ഹോം സെക്രട്ടറിക്കെതിരായി രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിയാനുള്ള നീക്കമാണ് ഇതിലൂടെ നടത്തുന്നതെന്ന് ലിബര്‍ട്ടിയുടെ ആക്ടിംഗ് ഡയറക്ടറായ കോറി സ്‌റ്റോട്ടണ്‍ പറഞ്ഞു. ഹോം സെക്രട്ടറി വളരെ അപകടകരമായ മാര്‍ഗത്തിലൂടെയാണ് നമ്മെ നയിക്കുന്നത്. പുതിയ തീരുമാനത്തിന് ഇരയാകുന്നവര്‍ക്കു നേരെ ആരുടെയും സഹതാപം ഉയരില്ല. എന്നാല്‍ നമ്മുടെ രാജ്യത്തെ കുറ്റവാളികളെ മറ്റു രാജ്യങ്ങളുടെ ബാധ്യതയാക്കി മാറ്റാനുള്ള തീരുമാനം ഉത്തരവാദിത്തമില്ലായ്മയാണെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാര്‍ കൈ കഴുകുകയാണ് ഇത്തരമൊരു നയരൂപീകരണത്തിലൂടെ ചെയ്യുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

ആളുകളെ രാജ്യത്തു നിന്നു തന്നെ ഉപരോധിക്കുന്നത് ഒരു പഴയ ശിക്ഷാ സമ്പ്രദായമാണ്. 2018ല്‍ അതിന് ഇടമില്ല. പൗരത്വം എടുത്തു കളയുന്നത് ഒരു ശിക്ഷാരീതിയായി സ്വീകരിക്കുന്നത് നാമെല്ലാം ഭാവിയിലേക്ക് നിദ്രാടനം നടത്തുന്നതിന് തുല്യമാണ്. ഇനിയും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്ക് പൗരത്വം എടുത്തു കളയുന്നത് ശിക്ഷയായി മാറാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. 2010 മുതല്‍ 2015 വരെ 33 പേരുടെ ബ്രിട്ടീഷ് പൗരത്വം ഹോം ഓഫീസ് എടുത്തു കളഞ്ഞിട്ടുണ്ടെന്നാണ് കണക്ക്.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles