ലണ്ടന്‍: ഇന്റര്‍നെറ്റിലൂടെ വ്യാപകമായി ലഭിക്കുന്ന സോംബി കില്ലര്‍ കത്തിയുടെ വ്യാപാരം ബ്രിട്ടനി്ല്‍ നിരോധിച്ചു. ഗുണ്ടാ സംഘങ്ങള്‍ ഈ കത്തി വ്യാപകമായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് നിരോധനം. ഹൊറര്‍ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച നീളമുളള കത്തികളാണിത്. രണ്ട് അടിയോളം നീളമുളള ഈ കത്തിയ്ക്ക് എട്ട് പൗണ്ടാണ് വില. ഗുണ്ടാസംഘങ്ങളിലെ ചെറുപ്പക്കാര്‍ ഈ കത്തിയുമേന്തി നില്‍ക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എതിര്‍ സംഘങ്ങളെ ഇത് പ്രകോപിപ്പിക്കുന്നു. ഇരുപത്തിനാല് ഇഞ്ച് നീളവും വളഞ്ഞ അഗ്രമുളള ഈ കത്തി തലവെട്ടാന്‍ വളരെ ഉത്തമമാണെന്ന മട്ടിലാണിതിന്റെ പരസ്യ പ്രചരണങ്ങള്‍.
ഈ കത്തി ഉപയോഗിച്ചുളള കൊലപാതകങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചിരിക്കുന്നുവെന്ന് സ്‌കോട്ട്‌ലന്റ് യാര്‍ഡ് വ്യക്തമാക്കുന്നു. തലസ്ഥാനത്ത് മാത്രം കത്തി ഉപയോഗിച്ചുള്ള കൊലപാതകങ്ങള്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പതിനഞ്ചുപേരാണ് 2015ല്‍ കത്തിക്കിരയായത്. 2008നു ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. സ്വന്തം സുരക്ഷയ്‌ക്കെന്ന് കരുതിയാണ് ഇവരില്‍ പലരും ഈ കത്തിയുമായി നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പല ഗുണ്ടാസംഘങ്ങളും തങ്ങളുടെ അഭിമാന പ്രതീകമായാണ് ഈ കത്തി കൊണ്ട് നടക്കുന്നത്. അതേസമയം ഇവയുടെ വില്‍പ്പനയില്‍ കുറവുണ്ടായിട്ടുണ്ടെന്നും അധികൃതര്‍ വിലയിരുത്തുന്നു. ഇതിന്റെ കൂര്‍ത്ത ഭാഗങ്ങള്‍ കൊണ്ടുളള ചെറിയ മുറിവ് പോലും മാരകമായിത്തീരാമെന്നാണ് പൊലീസ് പറയുന്നത്. വ്യാപാരം വര്‍ദ്ധിക്കുന്നുവെന്നതിന് തെളിവുകള്‍ തങ്ങളുടെ പക്കലില്ല. എന്നാല്‍ ഇവ വിനാശകരമാണെന്നതിന് തെളിവുണ്ടെന്നും അത് കൊണ്ട് തന്നെ ഇവ നിരോധിക്കേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

പതിമൂന്ന് ആയുധങ്ങളുടെ വില്‍പ്പന അധികൃതര്‍ നിരോധിച്ചിട്ടുണ്ട്. പലവിധ ബ്ലേഡുകളും കത്തികളും വാളുകളും കായികാഭ്യാസങ്ങളുമായി ബന്ധപ്പെട്ട പല ആയുധങ്ങളും നിരോധിച്ചവയുടെ കൂട്ടത്തിലുണ്ട്. കത്തിയുപയോഗിച്ചുളള മരണങ്ങള്‍ വര്‍ദ്ധിച്ചിട്ടും ഇതിനെതിരെ ഫലപ്രദമായ നടപടികള്‍ കൈക്കൊളളാന്‍ രാജ്യത്തെ അധികാരികള്‍ തയാറിയിട്ടില്ലെന്ന് ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് കരോലിന്‍ പിഡ്ജിയന്‍ ആരോപിക്കുന്നു.