ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട സാം എബ്രഹാം വധക്കേസില്‍ വിക്ടോറിയന്‍ സുപ്രീം കോടതിയില്‍ നടക്കുന്ന അന്തിമ വിചാരണയുടെ അഞ്ചാം ദിവസമാണ് സിഡ്‌നിയില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധനും ടോക്‌സിക്കോളജിസ്റ്റുമായ പ്രൊഫസര്‍ നരേന്ദ്ര ഗുഞ്ചനെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. സാമിന്റെ മരണകാരണം സയനേയ്ഡ് തന്നെയാണെന്നും അത് വായിലൂടെ ശരീരത്തില്‍ പ്രവേശിച്ചതാണ് മരണകാരണമെന്നും അദ്ദേഹം ജൂറിക്ക് മുന്നില്‍ വ്യക്തമാക്കി. ഒരു ലിറ്ററിന് ഒരു മില്ലിഗ്രാം സയനേയ്ഡ് ശരീരത്തില്‍ പ്രവേശിച്ചാല്‍ അത് മരണത്തിലേക്ക് നയിക്കാം.

എന്നാല്‍ സാമിന്റെ രക്തത്തില്‍ ഒരു ലിറ്ററിന് 35 മില്ലിഗ്രാം എന്ന കണക്കിനാണ് സയനേയ്ഡിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. ഇത് വളരെ അപകടകരമായ അളവാണെന്നും ശ്വാസത്തിലൂടെയോ ത്വക്കിലൂടെയോ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഇത്രയധികം അളവ് രക്തത്തില്‍ പ്രകടമാകില്ല എന്ന് പ്രൊഫസര്‍ ഗുഞ്ചന്‍ കോടതിയെ അറിയിച്ചു. ചില ഭക്ഷണവസ്തുക്കള്‍ ഒരുപാട് കൂടിയ അളവില്‍ ശരീരത്തില്‍ പ്രവേശിച്ചാലും സയനൈഡിന്റെ അംശം ഉണ്ടാകാമെന്നും, എന്നാല്‍ ഇത്രയും അപകടകരമായ അളവില്‍ വരില്ലെന്നും അദ്ദേഹം മൊഴി നല്‍കി. മാത്രമല്ല ഒറ്റയടിക്ക് ഇത് ശരീരത്തിനുള്ളില്‍ ചെന്നാല്‍ ചുമയ്ക്കുകയും ഛര്‍ദിക്കുകയും അബോധാവസ്ഥയിലായി ഹൃദയസ്തംഭനം മൂലം മരണമടയുകയുമാണ് ചെയ്യുക. എന്നാല്‍ ഇവിടെ സാം ഛര്‍ദിച്ചതിന്റെ തെളിക്കുകള്‍ ഒന്ന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വളരെ ചെറിയ അളവില്‍ ഏറെ നേരം കൊണ്ട് ശരീരത്തിലേക്ക് എത്തിയിരിക്കാനാണ് സാധ്യത. ഉറങ്ങിക്കിടന്ന സാമിന്റെ തല ഒരു കൈകൊണ്ട് ഉയര്‍ത്തിപ്പിടിച്ച ശേഷമാകാം ഇത് വായിലേക്ക് ഒഴിച്ച് കൊടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറെ നേരമെടുത്ത് ഒരു പക്ഷേ മണിക്കൂറുകള്‍ എടുത്ത് ചെറിയ അളവില്‍ വായിലേക്ക് ഒഴിച്ചുകൊടുത്തിരിക്കാമെന്നും പ്രൊഫസര്‍ ഗുഞ്ചന്‍ ജൂറിക്കു മുന്നില്‍ പറഞ്ഞു. ഇതിനു പുറമെ ക്ലോണാസിപാം എന്ന മയക്കികിടത്താനുള്ള മരുന്നിന്റെ അംശവും ഈയത്തിന്റെ അംശവും സാമിന്റെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലുമാണ് ഇത് ശരീരത്തില്‍ പ്രവേശിച്ചിട്ടുള്ളതെന്നും ഫോറന്‍സിക് വിദഗ്ധന്‍ ജൂറിക്ക് മുന്നില്‍ പറഞ്ഞു. പ്രതികളുടെ അഭിഭാഷകര്‍ പ്രൊഫസര്‍ ഗുഞ്ചനെ ക്രോസ് വിസ്താരം നടത്തി. വിചാരണ തിങ്കളാഴ്ച തുടരും. കേസില്‍ പ്രതികളായ സോഫിയയും അരുണ്‍ കമലാസനനും കുറ്റം നിഷേധിച്ചിട്ടുണ്ട്.