“നമ്മൾ ചെയ്യാൻ പോകുന്നതിനു നല്ല പ്ലാനിങ് വേണം, പ്ലാനിങ് ഇല്ലാത്ത ആശയം വെറും സ്വപ്നം മാത്രം” സാം എബ്രഹാമിന്റെ കൊലപാതകം കേസ് അന്വേഷണത്തിൽ നിർണായകമായി സോഫിയുടെ ആ ഡയറി……

“നമ്മൾ ചെയ്യാൻ പോകുന്നതിനു നല്ല പ്ലാനിങ് വേണം, പ്ലാനിങ് ഇല്ലാത്ത ആശയം വെറും സ്വപ്നം മാത്രം”  സാം എബ്രഹാമിന്റെ കൊലപാതകം കേസ് അന്വേഷണത്തിൽ നിർണായകമായി സോഫിയുടെ ആ ഡയറി……
June 22 08:29 2018 Print This Article

സാം എബ്രഹാമിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ഭാര്യ  സോഫിയയ്ക്ക് 22 വർഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്. അരുൺ കമലാസനന് 27 വർഷത്തെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്.  കാമുകൻ അരുൺ കമലാസനനും ചേർ‌ന്ന് സോഫി നീക്കങ്ങൾ നടത്തിയത് വളരെ രഹസ്യമായി. ഇവരെ കുടുക്കാൻ പൊലീസിനെ സഹായിച്ചത് ഡയറിക്കുറിപ്പുകളും സിസിടിവി ദൃശ്യങ്ങളുമാണ്.

സാധാരണ മരണമെന്നു കുടുംബാംഗങ്ങളുൾപ്പെടെ വിശ്വസിച്ച സാം ഏബ്രഹാമിന്റെ കൊലപാതകം പൊലീസ് തെളിയിച്ചത് അതിസൂക്ഷ്മവും അങ്ങേയറ്റം കാര്യക്ഷമവുമായ അന്വേഷണത്തിലൂടെ. യുഎഇ എക്സ്ചേഞ്ച് ഉദ്യോഗസ്ഥനായിരുന്ന സാമിനെ (35) മെൽബണിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത് 2015 ഒക്ടോബറിലാണ്. ഒരിക്കൽ ജീവനുതുല്യം സ്നേഹിച്ചിരുന്ന ഭാര്യ സോഫിയ സാമിനു നൽകാൻ സയനൈഡ് കലർത്തിയ ജ്യൂസ് തയാറാക്കുമ്പോൾ അയാൾ ഏഴുവയസ്സുകാരൻ മകനൊപ്പം ഗാഢനിദ്രയിലായിരുന്നു.

സംഭവശേഷം, തുടക്കത്തിൽതന്നെ സോഫിയ പൊലീസിന്റെ സംശയനിഴലിലായിരുന്നു. സോഫിയയുടെയും അരുണിന്റെയും ഓരോ ചലനങ്ങളും പൊലീസ് നിരീക്ഷിച്ചുകൊണ്ടിരുന്നു. സോഫിയയുടെ ഒരു ഡയറി പൊലീസ് ഇതിനിടെ കണ്ടെടുത്തതായി ഓസ്ട്രേലിയൻ ദിനപത്രം ‘ദ് ഏജ്’ റിപ്പോർട്ട് ചെയ്യുന്നു. ചിലപ്പോൾ കാവ്യാത്മകമായും മറ്റുചിലപ്പോൾ അലസമായും ആ ഡയറിയിൽ കുറിച്ചിരുന്ന വാക്കുകളിലാണു പൊലീസ് സോഫിയയും അരുണും തമ്മിലുണ്ടായിരുന്ന പ്രണയം വായിച്ചെടുത്തത്.

ആയിരക്കണക്കിനു ഫോൺകോൾ റെക്കോഡുകൾ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വിലയിരുത്തി. ടെലി-സൈബർ കുറ്റാന്വേഷകരുടെ രീതിയാണിത്. ദിവസത്തിലെ ആദ്യ കോൾ, കോൾ ദൈർഘ്യം, തുടർച്ചയായ ചെറു സംഭാഷണങ്ങൾ എന്നിവയൊക്കെ നിരീക്ഷിക്കും. ഇവയെയെല്ലാം ഉൾപ്പെടുത്തി തയാറാക്കുന്ന ‘ഡേറ്റാ ഷീറ്റ്’ വിശദമായി വിലയിരുത്തി കൊലപാതക സാധ്യതകളെക്കുറിച്ചുള്ള ഒന്നിലേറെ നിഗമനങ്ങളിലെത്തുന്നു.

തുടർന്ന് ഈ നിഗമനങ്ങളെ അടിസ്ഥാനമാക്കി നേരിട്ടുള്ള അന്വേഷണങ്ങളും ഫൊറൻസിക് പരിശോധനകളും പ്രതിയിലേക്കെത്തിക്കും. ഉദാഹരണത്തിന്, സംശയനിഴലിലുള്ളയാളുടെ പിറന്നാൾ ദിനത്തിൽ ആശംസയറിയിക്കാൻ ആദ്യം വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്തയാളെ നിരീക്ഷിക്കുന്നു. അത്, ഏറെ വേണ്ടപ്പെട്ടയാളായിരിക്കുമെന്ന് ഉറപ്പാണല്ലോ. തുടർന്ന് അയാളെയും നിരീക്ഷണപരിധിയിലുൾപ്പെടുത്തുന്നു.

സാം വധിക്കപ്പെടുന്നതിനു മൂന്നുവർഷം മുൻപു മുതലേ അരുൺ മറ്റുള്ളവർക്കുമുന്നിൽ മാനസിക അസ്വസ്ഥതകൾ ഉള്ളയാളായി അഭിനിയിച്ചിരുന്നു. അഥവാ പിടിക്കപ്പെട്ടാൽ എളുപ്പത്തിൽ കേസിൽനിന്നു രക്ഷപ്പെടാനുള്ള മുന്നൊരുക്കമായിരുന്നു ഇതെന്നു പൊലീസ് തിരിച്ചറിഞ്ഞു. ദീർഘനാളത്തെ തയാറെടുപ്പോടെ നടത്തിയ കൊലപാതകമാണെന്നു പൊലീസ് തിരിച്ചറിഞ്ഞത് ഇതിൽനിന്നാണ്.

ഡയറിയിലെ പ്രസക്തമായ കുറിപ്പുകൾ

സോഫിയയുടെ ഡയറിയിലെ ചില പരാമർശങ്ങൾ ഓസ്ട്രേലിയൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ചിലത് ഇങ്ങനെ:

ഫെബ്രുവരി 2, 2013: ഞാൻ നിനക്കുവേണ്ടി കാത്തിരിക്കുകയാണ്

ഫെബ്രുവരി 8: എനിക്കു നിന്റെ കൈകളിൽ ഉറങ്ങണം. എനിക്കു നിന്റേതാകണം. പക്ഷേ, നീ എന്റേതല്ലല്ലോ..

ഫെബ്രുവരി 17: നിന്നെ ഒരുപാടു മിസ് ചെയ്യുന്നു. എന്നെ ചേർത്തുപിടിക്കുമോ? നിനക്കുവേണ്ടിയാണു ഞാൻ കാത്തിരിക്കുന്നത്.

മാർച്ച് 8: എന്താണു ഞാനിങ്ങനെയായത്? എന്താണ് എന്റെ ഹൃദയം കല്ലുപോലെയായത്? എന്തുകൊണ്ടാണു ഞാനിത്ര ക്രൂരയായത്? ഇങ്ങനെ കൗശലക്കാരിയായത്? നീയാണെന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. നീയാണെന്നെ ഇത്ര ചീത്തയാക്കിയത്.

ഏപ്രിൽ 12: നിന്റേതാകാൻ കഴിഞ്ഞാൽ ഞാൻ അഭിമാനിക്കും. നീ കൂടെയുണ്ടെങ്കിൽ, ഉയരങ്ങൾ കീഴടക്കാൻ എനിക്കുകഴിയും.

ജൂലൈ 18: നമ്മൾ ചെയ്യാൻ പോകുന്നതിനു നല്ല പ്ലാനിങ് വേണം. പ്ലാനിങ് ഇല്ലാത്ത ആശയം വെറും സ്വപ്നം മാത്രമാണ്.

കൃ‍ത്യത്തിനു ശേഷവും അരുണും സോഫിയയും അടുത്തിടപഴകിയിരുന്നു.  സോഫിയയ്ക്കു സംശയമുണ്ടാകാത്ത വിധത്തിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരുന്നു.

ഭർത്താവിന്റെ മൃതശരീരം നാട്ടിൽ അടക്കം ചെയ്തശേഷം ഓസ്ട്രേലിയയിൽ തിരിച്ചെത്തിയ സോഫിയ അവിടുത്തെ പ്രവാസി മലയാളികളുടെ മുന്നിലും ദുഃഖം അഭിനയിച്ചു. സോഫിയയ്‌ക്കും കുഞ്ഞിനുമായി പ്രവാസികൾ പിരിവെടുത്ത് 15 ലക്ഷം നൽകി. എന്നാൽ സോഫിയയും അരുണും പരസ്പരം കണ്ടിരുന്നു. ഇവരുടെ യാത്രയും കൂടിക്കാഴ്ചയുമെല്ലാം ഓസ്‌ട്രേലിയയിലെ പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

പോസ്റ്റ്മോർട്ടത്തിൽ സാമിന്റെ രക്തത്തിൽ സയനൈഡ് കലർന്നത് വ്യക്തമായിരുന്നു. എന്നാൽ ഇത് പൊലീസ് രഹസ്യമാക്കി വച്ചു. ഒപ്പം സോഫിയയെയും അവരുടെ വീടും നിരീക്ഷിച്ചു. ഇവരുടെ ഫോൺ കോളുകൾ ചോർത്തി. പലപ്പോഴും വീട്ടിൽ ഇലക്ട്രീഷ്യനായും പ്ളംബറായും പോസ്റ്റ്മാനായുമെല്ലാം പൊലീസെത്തി. ശേഖരിച്ച എല്ലാ വിവരങ്ങളും റെക്കോർഡ് ചെയ്തു. ഇങ്ങനെ കൃത്യമായ തെളിവുകളോടെയാണ് രക്ഷപ്പെടാൻ പഴുതില്ലാത്ത വിധം പൊലീസ് സോഫിയയെയും അരുണിനെയും കുടുക്കിയത്.

സാമിനു ഹൃദയാഘാതമുണ്ടായതായി സോഫിയ വിളിച്ചുപറയുന്ന ഫോൺകോൾ കോടതി കേട്ടു. അതിൽ സോഫിയ അലമുറയിടുന്നതു വ്യക്തമായി കേൾക്കാമായിരുന്നു. കൂടെക്കിടക്കുന്ന ഭർത്താവ് വിഷം ഉള്ളിൽചെന്ന നിലയിലാണെന്നു മരിക്കുംവരെ സോഫിയ തിരിച്ചറിഞ്ഞില്ല എന്നു വിശ്വസിക്കാൻ പ്രയാസമാണെന്നു പ്രോസിക്യൂഷൻ വാദിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles