മലയാളി യുവാവ് സാം എബ്രഹാമിന്റെ കൊലപാതകത്തില്‍ കോടതി വിധിയെക്കുറിച്ച് തുറന്നടിച്ച് പിതാവ് എബ്രഹാം. തന്റെ മകനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോഫിയയും സുഹൃത്ത് അരുണ്‍ കമലാസനനും കുറ്റക്കാരാണെന്ന് മെല്‍ബണ്‍ കോടതി വിധിച്ചിരുന്നു. കോടതി വിധിയെക്കുറിച്ച് എബ്രഹാമിന് പറയാനുള്ളത് ഇങ്ങനെ..

‘അവര് ഇനി വെളിച്ചം കാണരുതെന്നാ എന്റെ അഭിപ്രായം. ഇവളെയും ഞങ്ങള്‍ ഞങ്ങളുടെ മോളെ പോലെയാ സ്‌നേഹിച്ചത് എന്നിട്ടും ഇവള്‍ ചെയ്തത് ഇങ്ങനെയായതുകൊണ്ട് ഞങ്ങള്‍ക്ക് വിഷമമുണ്ട്. ആദ്യം തങ്ങള്‍ വിചാരിച്ചത് രണ്ടുപേര്‍ക്കും ശിക്ഷ കിട്ടുമെന്നാണ്. പിന്നീട് അവന്‍ തന്നെ കുറ്റം ഏല്‍ക്കുന്നതായി ഫേസ്ബുക്കിലും മറ്റും വന്നപ്പോള്‍, അവള്‍ക്ക് ശിക്ഷ കിട്ടില്ലെന്നാണ് കരുതിയത്. ഏതായാലും കോടതി വിധി വന്നതോടെ രണ്ടുപേര്‍ക്കും ശിക്ഷ കിട്ടുമെന്ന് ഉറപ്പായതുകൊണ്ട് ദൈവം അതില്‍ പ്രവര്‍ത്തിച്ചുവെന്നാണ് കരുതുന്നത്.

Image result for sam abraham murder case

സോഫിയ കുറ്റം ചെയ്തിട്ടെന്ന് വിശ്വസിക്കാനായിരുന്നു ഞങ്ങള്‍ക്ക് ഇഷ്ടം. കാരണം ഞങ്ങള്‍ അത്രമേല്‍ സ്‌നേഹിച്ചിരുന്ന ഒരുപെണ്ണായിരുന്നു അവള്‍. ഹാര്‍ട്ട് അറ്റാക്കാണ് എന്നു വിശ്വസിച്ചിരുന്ന ഞങ്ങള്‍ സയനേഡാണ് മരണകാരണം എന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി.

എന്റെ ഭാര്യയ്ക്കൊന്നും ഇതുവരെ മകന്റെ മരണത്തോട് പൊരുത്തപ്പെടാനായിട്ടില്ല. മരിക്കുന്നതിന് ഒരു ദിവസം മുമ്പ് കൂടി ഞങ്ങളെ ഫോണില്‍ വിളിച്ച് ഞാന്‍ സുഖമായിരിക്കുന്നുവെന്ന് മോന്‍ പറഞ്ഞതാണല്ലോ.അന്ന് ചേട്ടത്തിയുടെ വീട്ടില്‍ ചോറൂണ് ഉണ്ട് അതുകഴിഞ്ഞ് ഞാന്‍ വരും..ജോലിക്ക് പോകും എന്നൊക്കെ പറഞ്ഞു.അതിന്റെ പിറ്റേന്നാണ് ആ സംഭവം നടക്കുന്നത്. ഏബ്രഹാം പറയുന്നു.

ഇനി കുഞ്ഞിനെ വിട്ടുകിട്ടുകയെന്ന ഒരൊറ്റ ആഗ്രഹമേയുള്ളൂ. അതിനായി ഏംബസിയിലും വിദേശ മന്ത്രാലയത്തിലുമൊക്കെ അപേക്ഷകള്‍ നല്‍കി. ഓസ്‌ട്രേലിയയില്‍ നിന്ന് മറുപടിയൊന്നും വന്നില്ലെങ്കിലും,തങ്ങള്‍ ശ്രമം തുടരുകയാണെന്ന മറുപടി ഏംബസിയില്‍ നിന്ന് കിട്ടിയിരുന്നു.കുട്ടിയെ കിട്ടാന്‍ ഏംബസി വഴി പരമാവധി ശ്രമിക്കും. ഓസ്‌ട്രേലിയയില്‍ പോയി കേസ് നടത്താന്‍ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 10 തവണയെങ്കിലും കൊച്ചുമകനുമായി സംസാരിച്ചിട്ടുണ്ട്.വെറും കുശലാന്വേഷണങ്ങള്‍ മാത്രം. കുട്ടിയുടെ അമ്മയെ കുറിച്ചോ, കേസിനെ കുറിച്ചോ സംസാരിക്കാറില്ല.ചേട്ടത്തിയുടെ ഭര്‍ത്താവാണ് കുട്ടിക്ക് ഫോണ്‍ കൊടുക്കുന്നതും മറ്റും.

Image result for sam abraham murder case

സര്‍ക്കാരിന്റെ സംരക്ഷണയിലാണ് വളരുന്നതെങ്കില്‍ ഞങ്ങള്‍ക്ക് അവനുമായി ബന്ധപ്പെടാന്‍ കഴിയും.എന്നാല്‍, ചേട്ടത്തിയുടെ സംരക്ഷണയിലാണെങ്കില്‍ ഞങ്ങള്‍ക്ക് ബന്ധപ്പടാന്‍ കഴിയുകയില്ല.അവര്‍ വളര്‍ത്തുകയാണെങ്കില്‍ തങ്ങള്‍ക്ക് അതിനോട് യോജിക്കാന്‍ കഴിയില്ലയെന്നും ഏബ്രഹാം പറയുന്നു. കേസിന്റെ അന്വഷണ വേളയില്‍ ഓസീസ് പൊലീസ് തങ്ങളുമായി ഇ-മെയില്‍ വഴി ബന്ധപ്പെട്ടിരുന്നു. കുട്ടിയെ കിട്ടണമെങ്കില്‍ മറ്റൊരു കേസ് ഫയല്‍ ചെയ്യണമെന്നാണ് അവര്‍ വ്യക്തമാക്കിയത്.’കേസ് നടത്തിപ്പ് ചെലവേറിയതായിരിക്കുമെന്നാണ് അഭിഭാഷകര്‍ അറിയിച്ചതെന്നും സാമുവല്‍ എബ്രഹാം പറഞ്ഞു.

‘മാര്‍ച്ച് 21 നാണ് ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായുള്ള ഇരുഭാഗത്തിന്റെയും വാദം നടക്കുന്നത്. അവളും അവനും ഇനി ജീവിതത്തില്‍ വെളിച്ചം കാണരുത്..പുറത്ത് വരരുത് എന്നാണ് താല്‍പര്യം. മകളെ പോലെ സ്‌നേഹിച്ച തങ്ങളോട് ഇത്രയും ക്രൂരത പാടില്ലായിരുന്നു. അവള്‍ക്ക് വേണ്ടായിരുന്നെങ്കില്‍ ഇട്ടേച്ചങ്ങ് പോയാല്‍ പോരായിരുന്നോ? ജീവപര്യന്തം തടവിന് വിധിക്കണമെന്നാണ് ഭാര്യയുടെ താല്‍പര്യം. അവളിനിയും ഈ ഷോക്കില്‍ നിന്ന് മുക്തയായിട്ടില്ല. ഏബ്രഹാം ഒരു വിതുമ്പലോടെ പറഞ്ഞു നിര്‍ത്തുന്നു.